ബെംഗളുരു:ഹിന്ദുത്വത്തെ കുറിച്ചുള്ള ട്വീറ്റ് വൈറലായതിനെ തുടർന്ന് ചേതൻ അഹിംസ എന്നറിയപ്പെടുന്ന കന്നഡ നടൻ ചേതൻ കുമാറിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. "ഹിന്ദുത്വം കെട്ടിപ്പടുത്തത് നുണകളിൽ" എന്ന അദ്ദേഹത്തിൻ്റെ ട്വീറ്റ് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ബജ്‍രംഗദൾ പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ബെംഗളൂരു ശേഷാദ്രിപുരം പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ദലിത്, ആദിവാസി പ്രവർത്തകൻ കൂടിയായ നടനെ ജില്ല കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സത്യത്താൽ മാത്രമേ ഹിന്ദുത്വത്തെ പരാജയപ്പെടുത്താനാവൂ: ഒരു മതത്തെയോ മതവിശ്വാസത്തെയോ അവഹേളിച്ചതും വർഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന പ്രസ്താവനകൾ നടത്തിയതും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. "ഹിന്ദുത്വം കെട്ടിപ്പടുത്തത് നുണകളിൽ" എന്നു ട്വീറ്റ് ചെയ്‌ത താരം ‘സത്യത്താൽ മാത്രമേ ഹിന്ദുത്വത്തെ പരാജയപ്പെടുത്താനാവൂ’ എന്നും പറഞ്ഞു.
താരം ട്വീറ്റ് ചെയ്‌ത് മണിക്കൂറുകൾക്കകം ഹിന്ദു അനുകൂല സംഘടനകൾ അദ്ദേഹത്തിനെതിരെ പരാതി നൽകുകയും ശേഷാദ്രിപുരം പൊലീസ് സ്റ്റേഷനിൽ താരത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇത് ആദ്യമായല്ല നടന് നിയമനടപടി നേരിടേണ്ടി വരുന്നത്. 2022 ഫെബ്രുവരിയിൽ, കർണ്ണാടകയിലെ ഹിജാബ് നിരോധനത്തിൻ്റെ കേസിൽ ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിനെതിരെ ആക്ഷേപകരമായ ട്വീറ്റിന് ചേതൻ കുമാറിനെ മുൻപും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം:മാർച്ച് 20 നാണ് നടൻ അഹിംസ തൻ്റെ ഏറ്റവും പുതിയ അറസ്റ്റിന് കാരണമായ ട്വീറ്റ് ചെയ്‌തത്. ഇംഗ്ലീഷിലും കന്നഡയിലും ട്വീറ്റ് ചെയ്‌ത നടൻ ഹിന്ദുത്വത്തെ "നുണകൾ പറയുകയാണെന്ന്" പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. ഇതു കൂടാതെ ടിപ്പു സുൽത്താൻ്റെ കൊലയാളികളായി ഉറിഗൗഡയെയും, നഞ്ചെഗൗഡയെയും ചിത്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെപ്പറ്റിയും അദ്ദേഹം തൻ്റെ ട്വീറ്റിൽ പരാമർശിച്ചിരുന്നു. രണ്ടുപേരും സാങ്കൽപ്പിക കഥാപാത്രങ്ങളാണെന്നാണ് കരുതുന്നതെന്നായിരുന്നു താരത്തിൻ്റെ വാദം.