മുംബൈ : 'ലൈംഗിക പ്രകോപനപരമായ വസ്‌ത്രധാരണം' എന്ന നീതിപീഠത്തിന്‍റെ 'നൂതന കണ്ടെത്തൽ' മുതൽ ഹിജാബ് ധരിക്കാത്തതിനാൽ ക്രൂരമർദനമേറ്റ് ജീവൻ വെടിയേണ്ടിവന്ന മഹ്‌സ അമിനിയില്‍ വരെ എത്തിനിൽക്കുന്നു സ്‌ത്രീകളുടെ വസ്‌ത്രധാരണ സ്വാതന്ത്ര്യം. അത്തരത്തിൽ വിഷയം വലിയ ചർച്ചയാകുന്ന കാലത്ത് ഇഷ്‌ടാനുസരണം വസ്‌ത്രം ധരിക്കാനുള്ള സ്‌ത്രീകളുടെ അവകാശത്തെ കുറിച്ച് ശ്രദ്ധേയമായ സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്.
സംവിധായകൻ രസ്‌നീഷ് ഘായിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെയാണ് കങ്കണ റണാവത്തിന്‍റെ സ്‌ത്രീശാക്തീകരണ സന്ദേശം. രസ്‌നീഷ് ഘായിയോടൊപ്പമുള്ള ചിത്രത്തിൽ ബീജ് നിറത്തിലുള്ള സുതാര്യമായ ഷീയർ ബസ്റ്റിയർ ടോപ്പും അതിനിണങ്ങുന്ന പാന്‍റുമാണ് കങ്കണ ധരിച്ചിരുന്നത്. 'ഹാപ്പി ബർത്ത്‌ഡേ ചീഫ്' എന്ന കുറിപ്പോടുകൂടിയായിരുന്നു ചിത്രം പങ്കുവച്ചത്.
സദാചാരവാദികൾക്കൊരു സന്ദേശം :എന്നാൽ ചിത്രത്തിലെ കങ്കണയുടെ വസ്‌ത്രത്തെ വിമർശിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തിയതിന് പിന്നാലെ അതേ വസ്‌ത്രം ധരിച്ച്, ബോൾഡ് ലുക്കിൽ വീണ്ടും ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തുകൊണ്ടാണ് താരം മറുപടി നൽകിയത്. 'ഒരു സ്‌ത്രീ എന്ത് ധരിച്ചു, എന്ത് ഇടാന്‍ മറന്നു എന്നെല്ലാമുള്ളത് തീർത്തും ആ വ്യക്തിയെ സംബന്ധിക്കുന്ന വിഷയമാണ്. അതിൽ മറ്റാരും ഇടപെടേണ്ട കാര്യമില്ല' എന്നായിരുന്നു കങ്കണയുടെ മറുപടി. 'ഞാൻ പറയേണ്ട കാര്യം പറഞ്ഞുവെന്ന് തോന്നുന്നു. ഇനി എനിക്ക് ഓഫിസിലേക്ക് പോകാം, ബൈ' - താരം കൂട്ടിച്ചേർത്തു.
ചുട്ടമറുപടിയിലൂടെ, ട്രോളിയവരെ കൊണ്ട് തന്നെ കൈയടിപ്പിച്ചിരിക്കുകയാണ് കങ്കണ. വ്യക്തിപരമാണെങ്കിലും രാഷ്‌ട്രീയപരമാണെങ്കിലും,അഭിപ്രായങ്ങൾ വളരെ വ്യക്തവും സ്‌പഷ്‌ടവുമായി തുറന്നുപറയാൻ യാതൊരു മടിയും കങ്കണ കാണിക്കാറില്ല. അതുകൊണ്ട് തന്നെ പലപ്പോഴും വലിയ വിമർശനങ്ങളും താരത്തെ തേടിയെത്താറുണ്ട്.