മതം സംബന്ധിച്ച്, തെലുഗു ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ എസ്‌എസ് രാജമൗലി നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. മതം അടിസ്ഥാനപരമായി ഒരുതരം ചൂഷണമാണെന്ന എസ്‌എസ് രാജമൗലിയുടെ പരാമര്‍ശത്തെ പിന്തുണച്ചാണ് നടി എത്തിയത്. എസ് എസ് രാജമൗലി മഴയിലും തീജ്വാലയാണെന്നും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളൊന്നും തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും കങ്കണ റണാവത്ത് ട്വിറ്ററില്‍ കുറിച്ചു.
വിവിധ മത ഗ്രന്ഥങ്ങളെ കുറിച്ച് വായിച്ച് പഠിച്ചതിന് ശേഷമാണ് രാജമൗലി അത്തരമൊരു നിഗമനത്തിലെത്തിയത്. 'ദി ഫൗണ്ടന്‍ഹെഡി'ല്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം മതം അടിസ്ഥാനപരമായി ഒരു തരം ചൂഷണമാണെന്ന് പറഞ്ഞത്. ഇതിനെതിരെ അമിതമായി പ്രതികരിക്കേണ്ടതില്ല.
ഞങ്ങളുടെ പ്രവര്‍ത്തികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. ഞങ്ങള്‍ എല്ലാവര്‍ക്കുമായാണ് സിനിമകള്‍ നിര്‍മിക്കുന്നത്. കലാകാരന്മാര്‍ പ്രത്യേകിച്ച് ദുര്‍ബലരാണ്. ഭരണ പക്ഷത്ത് നിന്ന് ഞങ്ങള്‍ക്ക് യാതൊരുവിധ പിന്തുണയും ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് നിങ്ങള്‍ ഭയപ്പെടാതിരിക്കൂ. ഒരു പ്രതിഭയും ഒരു ദേശീയവാദിയും അതോടൊപ്പം ഒരു യോഗിയുമായ രാജമൗലിയെ ലഭിച്ചതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്.
എസ് എസ് രാജമൗലിയുടെ പരാമര്‍ശം:
അടുത്തിടെ ദ ന്യൂയോര്‍ക്കര്‍ എന്ന മാധ്യമത്തിന് എസ് എസ് രാജമൗലി നല്‍കിയ അഭിമുഖത്തിലെ ഏതാനും ചില ഭാഗങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. "ചെറുപ്പത്തില്‍ ഹിന്ദു മതത്തിലെ നിരവധി ദൈവങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ നിരവധി സംശയങ്ങള്‍ എനിക്കുണ്ടായിരുന്നു. മാത്രമല്ല ഇതൊന്നും യഥാര്‍ഥമല്ലെന്ന് എനിക്ക് അപ്പോഴേല്ലാം തോന്നിയിരുന്നു. എന്നാല്‍ അതിനെല്ലാം ശേഷം ഞാന്‍ എന്‍റെ കുടുംബത്തിന്‍റെ മതഭ്രാന്തില്‍ അകപ്പെട്ടുപോയി.
അതിനുശേഷം ഞാന്‍ മതഗ്രന്ഥങ്ങള്‍ വായിക്കാനും തീര്‍ഥാടനങ്ങള്‍ നടത്താനും കാവി വസ്‌ത്രം ധരിക്കാനും തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ സന്യാസിയായി ജീവിച്ചു. അതിനുശേഷം ഞാന്‍ ക്രിസ്‌തുമതത്തില്‍ ചേര്‍ന്നു. ബൈബിള്‍ വായിക്കുകയും പള്ളികളില്‍ പോവുകയും പ്രാര്‍ഥനകളില്‍ മുഴുകുകയും ചെയ്‌തിരുന്നു. ക്രമേണയാണ് മതം അടിസ്ഥാനപരമായി ഒരുതരം ചൂഷണമാണെന്ന് എനിക്ക് തോന്നിയത്" - എന്നായിരുന്നു എസ് എസ് രാജമൗലി അഭിമുഖത്തിനിടെ പറഞ്ഞത്.
പിന്തുണ ഇതാദ്യമല്ല :നേരത്തെയും എസ് എസ് രാജമൗലിയുടെ പ്രസ്‌താവനയെ അനുകൂലിച്ച് കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ രാജമൗലി നടത്തിയ പ്രസംഗം ഏറെ ജന ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പുരസ്‌കാരം വീട്ടിലുള്ള സ്‌ത്രീകള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല അദ്ദേഹത്തിന്‍റെ അമ്മയെ കുറിച്ചും സഹോദരിയെ കുറിച്ചും ചെറുപ്പക്കാലത്ത് തന്‍റെ ജീവിതത്തില്‍ അവര്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.
സംവിധായകന്‍റെ പ്രസംഗത്തിന് അനൂകൂല പ്രതികരണവുമായി അന്നും കങ്കണ റണാവത്ത് എത്തിയിരുന്നു. ഇന്ത്യക്കാര്‍ ശക്തമായ കുടുംബ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്നവരാണെന്നും കുടുംബത്തില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കുന്നുവെന്നും അത് കെട്ടിപ്പടുക്കുന്നതും ഒന്നിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതും സ്‌ത്രീകളാണെന്നുമായിരുന്നു കങ്കണ പറഞ്ഞത്. എസ് എസ് രാജമൗലിയുടെ പ്രസംഗത്തിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അഭിപ്രായ പ്രകടനം.