ഹൈദരാബാദ് : ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം, ഉലകനായകന്‍റെ 69-ാം പിറന്നാളാണ് ഇന്ന്. പ്രിയതാരത്തെ ആശംസകൾകൊണ്ട് മൂടുകയാണ് ആരാധകരും സിനിമാലോകവും ഒന്നടങ്കം. ഇപ്പോഴിതാ ഉലകനായകന് സ്‌പെഷ്യൽ 'ഗിഫ്റ്റു'മായി എത്തിയിരിക്കുകയാണ് താരം നായകനായി എത്തുന്ന ഇന്ത്യൻ 2 സിനിമയുടെ നിർമാതാക്കൾ. ഇന്ത്യൻ 2 സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് കമൽഹാസന് ആശംസകൾ നേർന്നത്.
"ഇതിഹാസമായ ഉലകനായകനെ അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ ആഘോഷിക്കുന്നു! ടീം ഇന്ത്യൻ-2, നമ്മുടെ വീരശേഖരൻ സേനാപതിക്ക് ജന്മദിനാശംസകൾ"- നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് എക്‌സിൽ കുറിച്ചു.
ഷങ്കര്‍ ആണ് ഇന്ത്യൻ 2 സംവിധാനം ചെയ്യുന്നത്. 1996-ൽ പുറത്തിറങ്ങിയ ഷങ്കറിന്‍റെ തന്നെ ഇന്ത്യൻ സിനിമയുടെ തുടർച്ചയാണ് ഇന്ത്യൻ 2. കമല്‍ ഹാസന്‍ - ഷങ്കര്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ഇന്ത്യന്‍ 2'വിനായി തെന്നിന്ത്യന്‍ സിനിമാലോകം ആവേശപൂർവമാണ് കാത്തിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ ഓരോ പുതിയ അപ്‌ഡേറ്റുകള്‍ക്കായും അക്ഷമയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് അവേശം പകർന്നുകൊണ്ട് കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഇൻട്രോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഇപ്പോള്‍ പുതിയ പോസ്റ്ററും എത്തിയിരിക്കുകയാണ്. പൊലീസ് വേഷത്തിലാണ് പോസ്റ്ററിൽ കമൽഹാസൻ. നേരത്തെ പ്രൗഢഗംഭീരമായി തന്നെയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്‍റെ ഫസ്‌റ്റ് ഗ്ലിംപ്‌സ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഇപ്പോൾ പുതിയ പോസ്റ്ററും ശ്രദ്ധ നേടുകയാണ്.
സിനിമയിൽ, സ്വാതന്ത്ര്യ സമര സേനാനിയായ സേനാപതി എന്ന കഥാപാത്രത്തെയാണ് കമൽഹാസൻ അവതരിപ്പിക്കുന്നത്. 90കാരനായുള്ള താരത്തിന്‍റെ ലുക്ക് കയ്യടി നേടിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജ, രാജ്‍കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസന്‍, റെഡ് ജയന്‍റ് മുവീസിന്‍റെ ബാനറില്‍ ഉദയനിധി സ്‌റ്റാലിന്‍ എന്നിവര്‍ ചേര്‍ന്ന് 200 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന ഈ സിനിമയിൽ വമ്പൻ താരനിരയും അണിനിരക്കുന്നുണ്ട്.
കാജല്‍ അഗര്‍വാൾ, ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്‍റെ അച്ഛനും നടനുമായ യോഗ് രാജ് സിങ് എന്നിവർ 'ഇന്ത്യന്‍ 2'ൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിദ്ധാർഥ്, ബോബി സിംഹ, സമുദ്രക്കനി, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷത്തിലുണ്ട്. 2018ല്‍ ആയിരുന്നു 'ഇന്ത്യന്‍ 2' സിനിമയുടെ പ്രഖ്യാപനം ഷങ്കർ നടത്തിയത്. എന്നാൽ പിന്നീട് പലകാരണങ്ങളാല്‍ ചിത്രീകരണം മുടങ്ങുകയായിരുന്നു.
അതേസമയം ചിത്രത്തിന്‍റെ ദൈർഘ്യം കാരണം, ഇന്ത്യൻ 2 രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യ ഭാഗം അടുത്ത വർഷം ഏപ്രിൽ 12ന് എത്തുമെന്നാണ് വിവരം. എന്നാൽ അണിയറ പ്രവർത്തകർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ല. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് സംഗീതം പകരുന്നത്. രത്നവേലു ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് എ ശ്രീകർ പ്രസാദ് ആണ്.
READ ALSO:ബോക്‌സോഫിസിൽ കത്തിക്കയറാൻ കമൽഹാസൻ-ഷങ്കർ ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യൻ 2' ; ഇൻട്രോ വീഡിയോ പുറത്ത്