തമിഴകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'ഇന്ത്യന്‍' സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഷങ്കറിൻ്റെ സംവിധാനത്തിൽ ഉലക നായകൻ കമൽഹാസൻ നായകനാകുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. സംവിധായകൻ ശങ്കറുമായി കമൽഹാസൻ വീണ്ടും ഒന്നിക്കുന്നതിനെ ‘ബ്ലോക്ക്ബസ്റ്റർ ജോഡികൾ’ എന്നാണ് ഏവരും വിശേഷിപ്പിക്കുന്നത്. കമൽഹാസൻ തന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായ സേനാപതിയായി വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നു എന്നതാണ് ഇന്ത്യൻ 2വിൻ്റെ പ്രത്യകത.
സിനിമയുടെ ഷൂട്ടിങ് ഇപ്പോൾ തമിഴ്‌നാട്ടിൽ ചെങ്കൽപ്പേട്ട് ജില്ലയിലെ, കൽപ്പാക്കം, ചതുരംഘപട്ടണത്തിലെ ഡച്ച് കോട്ടയിലാണ് പുരോഗമിക്കുന്നത്. സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു ആക്ഷൻ രംഗമാണ് ഇപ്പോൾ കോട്ടയിൽ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. ഹോളിവുഡിൽ നിന്നുള്ള നിരവധി സ്റ്റണ്ട് ആർട്ടിസ്റ്റുകൾ ഉൾപ്പെടെ നിരവധി പേരാണ് സിനിമയുടെ അവസാന ഷെഡ്യൂളിലുള്ള ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ ചതുരംഘപട്ടണത്തിലെ ഡച്ച് കോട്ടയിലുള്ളത്. ഹോളിവുഡ് സ്റ്റണ്ട് ആർട്ടിസ്റ്റുകളിൽ നിന്നും പ്രത്യേക പരിശീലനം സ്വീകരിച്ചാണ് കമൽഹാസൻ സിനിമയിലെ തൻ്റെ ആക്ഷൻ രംഗങ്ങളില്‍ അഭിനയിക്കുന്നത്. 'ഇന്ത്യൻ 2' ലെ ഫ്ലാഷ്ബാക്ക് ഭാഗങ്ങളും നിലവിലെ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നുണ്ട്.
also read:ഓസ്‌കർ 2023:എവിടെ കാണണം, എന്ത് പ്രതീക്ഷിക്കണം, ആരൊക്കെ ഉണ്ടാകും?
സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന കോട്ടക്കടുത്തുള്ള ക്ഷേത്രത്തിലേക്ക് സംഭാവന ആവശ്യപ്പെട്ടുകൊണ്ടാണ് സ്ഥലത്തെ നാട്ടുകാര്‍ ‘ഇന്ത്യൻ 2വി’ൻ്റെ ലൊക്കേഷനിൽ എത്തിയത്. ഇവിടെ നിന്നാണ് പ്രശ്‌നങ്ങൾക്ക് തുടക്കമാകുന്നത്. ഷൂട്ടിങ്ങ് സെറ്റിലേക്ക് നാട്ടുകാർക്ക് പ്രവേശനം അനുവദിക്കാതിരുന്നത് നാട്ടുകാരെ ചൊടിപ്പിച്ചു. പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സിനിമ പ്രവർത്തകരും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടാകുകയും നാട്ടുകാർ പിരിഞ്ഞ് പോകുകയും ചെയ്‌തിരുന്നു. മടങ്ങിപ്പോയ നാട്ടുകാർ എണ്ണം വർധിപ്പിച്ച് സഘം ചേർന്ന് ഷൂട്ടിങ്ങ് നടക്കുന്ന ഡച്ച് കോട്ടയുടെ പ്രധാന കവാടം ഉപരോധിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷ സാഹചര്യം ഉടലെടുത്തത്. പ്രശ്‌നം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഒരു വലിയ സഘം പൊലീസ് സ്ഥലത്തെത്തി നാട്ടുകാരോടും സിനിമ പ്രവർത്തകരോടും സംസാരിച്ച് ഇരുകൂട്ടരെയും ശാന്തരാക്കി പിരിച്ചു വിടുകയായിരുന്നു.
also read:'കൊച്ചി നീറി പുകയുന്നു, ഒപ്പം മനസ്സും; തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ': മഞ്ജു വാര്യര്‍
ദീപാവലിക്ക് റിലീസിനൊരുങ്ങി ഇന്ത്യൻ 2:ഇന്ത്യൻ 2വിൽ കമലിനെക്കൂടാതെ കാജൽ അഗർവാൾ, സിദ്ധാർഥ്, ബോബി സിംഹ, സമുദ്രക്കനി, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിങ്, ഗുരു സോമസുന്ദരം എന്നിങ്ങനെ വൻ താരനിര അണിനിരക്കുന്നുണ്ട്. റെഡ് ജയന്റ് മൂവീസും, ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന സിനിമയിൽ കമൽഹാസന് ഏഴ് വില്ലൻമാരുണ്ടായിരിക്കും എന്ന വാർത്തയും പുറത്തു വന്നിരുന്നു. 1996-ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ തുടർച്ചയായ ഇന്ത്യൻ 2' മുൻ പതിപ്പിനേക്കാൾ ശക്തമായ കഥയായിട്ടായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുക. ഈ വരുന്ന ദീപാവലിക്ക് റിലീസിനൊരുങ്ങുകയാണ് സിനിമ.