ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ തിയേറ്ററുകളിലെത്തിയ കമല്‍ഹാസന്‍റെ 'വിക്രം' സിനിമയെ വരവേല്‍ക്കുകയാണ് ആരാധകര്‍. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ഉലകനായകന്‍ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി പലയിടത്തും ഹൗസ്‌ഫുള്‍ ഷോകളാണ് സിനിമയ്ക്ക്.
ചെന്നൈയില്‍ വിക്രം സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ ശേഷമുളള പ്രേക്ഷക പ്രതികരണം മാസ് ആക്ഷന്‍ ചിത്രത്തിന്‍റെ ആദ്യ ഷോകള്‍ കഴിഞ്ഞപ്പോള്‍ സിനിമ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും. റിലീസിന് മുന്‍പ് വലിയ ഹൈപ്പുണ്ടായിരുന്ന 'വിക്രം' പ്രേക്ഷക പ്രതീക്ഷകളോട് നീതി പുലര്‍ത്തിയെന്നാണ് പ്രതികരണങ്ങള്‍ വരുന്നത്. 'സിനിമ ഫസ്റ്റ് ക്ലാസാണെന്നും, കൈദി റഫറന്‍സുകളുണ്ടെന്നും, ലോകേഷ് യൂണിവേഴ്‌സ് തന്നെയാണ് ചിത്രമെന്നും' ഒരു ആരാധകന്‍ അഭിപ്രായപ്പെട്ടു.
'തിരക്കഥ മികച്ചതാണെന്നും, എല്ലാ താരങ്ങളും നന്നായി ചെയ്‌തിട്ടുണ്ടെന്നും, അടുത്ത ഭാഗത്തിനുളള സാധ്യതയുണ്ടെന്ന് കാണിച്ചാണ് സിനിമ അവസാനിക്കുന്നതെന്നും' മറ്റൊരു ആരാധകന്‍ പറഞ്ഞു. 'വിക്രം സിനിമയിലെ ആക്ഷന്‍ സീക്വന്‍സുകളും പഞ്ച് ഡയലോഗുകളുമാണ് ഇഷ്‌ടപ്പെട്ടതെന്നാണ്' മിക്ക ആരാധകരും പറയുന്നത്.
കമല്‍ഹാസന്‍ ആരാധകര്‍ക്ക് എല്ലാം നല്ലൊരു ട്രീറ്റാണ് ചിത്രമെന്നും പ്രതികരണങ്ങള്‍ വരുന്നു. ചെന്നൈയില്‍ വലിയ വരവേല്‍പ്പാണ് കമല്‍ഹാസന്‍ ചിത്രത്തിന് ലഭിക്കുന്നത്. ശിവകാര്‍ത്തികേയന്‍, അരുണ്‍ വിജയ്, ജയം രവി, ശാന്തനു ഭാഗ്യരാജ് ഉള്‍പ്പെടെയുളള തമിഴ് താരങ്ങളെല്ലാം ഉലകനായകന്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തി.
തമിഴ്‌നാട്ടില്‍ 800ലധികം സ്‌ക്രീനുകളില്‍ സിനിമ റിലീസ് ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 500ലധികം സ്‌ക്രീനുകളിലാണ് കമല്‍ ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യദിന കളക്ഷനില്‍ വിക്രം റെക്കോര്‍ഡിടുമെന്നാണ് കരുതപ്പെടുന്നത്. 5000ത്തിലധികം സ്‌ക്രീനുകളില്‍ വിക്രം വേള്‍ഡ് വൈഡ് റിലീസായി എത്തിയിരിക്കുന്നു.
കമല്‍ഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍, കാളിദാസ് ജയറാം, ഗായത്രി ശങ്കര്‍, രമേഷ് തിലക് ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ പാട്ടുകളെല്ലാം ചിത്രത്തിന്‍റെ റിലീസിന് മുന്‍പായി തരംഗമായിരുന്നു.
മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് വിക്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഫിലോമിന്‍ രാജ് എഡിറ്റിങും രത്ന കുമാര്‍, ലോകേഷ് കനകരാജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും എഴുതി. അന്‍പറിവ് സംഘടന രംഗങ്ങളും ദിനേഷ് നൃത്തസംവിധാനവും ഒരുക്കിയിരിക്കുന്നു. കമല്‍ഹാസന്‍റെ രാജ്‌കമല്‍ ഫിലിംസാണ് നിര്‍മാണം. നേരത്തെ റിലീസിന് മുന്‍പ് തന്നെ 'വിക്രം' 200 കോടി ക്ലബില്‍ ഇടംപിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.