ഇന്ത്യൻ സിനിമാലോകത്ത് ഇന്നുവരെ കാണാത്ത ദൃശ്യ വിസ്‌മയം ഒരുക്കാൻ 'പ്രൊജക്‌ട് കെ' വരുന്നു. തെന്നിന്ത്യൻ താരം പ്രഭാസ്, ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ അണിനിരക്കുന്ന 'പ്രൊജക്‌ട് കെ' ഇപ്പോഴിതാ വമ്പൻ പ്രഖ്യാപനം നടത്തി സിനിമാസ്വാദകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ചിത്രത്തിൽ ഉലക നായകൻ കമൽ ഹാസനും അണിചേരുകയാണ് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഐക്കൺ ആയി കണക്കാക്കപ്പെടുന്ന കമൽ ഹാസനെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള വീഡിയോ പങ്കുവച്ചാണ് ചിത്രത്തിലെ താരത്തിന്‍റെ സാന്നിധ്യം അണിയറക്കാർ പ്രേക്ഷകരുമായി പങ്കുവച്ചത്.
ഭൂമിയെ തന്നെ മറക്കുന്ന ഒരു നിഴല്‍ ആവശ്യമായി വന്നിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അണിയറ പ്രവർത്തകർ ഉലകനായകന് സ്വാഗതം ഓതിയത്. തന്‍റെ വേറിട്ട അഭിനയത്തിലൂടെ വെള്ളിത്തിരയില്‍ അത്ഭുതങ്ങൾ തീർക്കുന്ന കലാകാരന് നല്‍കുന്ന ഏറ്റവും അർഥവത്തായ സ്വാഗതം. ഇന്ത്യയിലെ ഏറ്റവും വലിയ താരനിരയെ തങ്ങൾ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണെന്നും അവർ പറയുന്നു.
നാഗ് അശ്വിന്‍റെ സംവിധാനത്തിലാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ അശ്വിനി ദത്താണ് ഇന്ത്യ ഒന്നടങ്കം കാത്തിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന അമ്പതാമത്തെ ചിത്രം കൂടിയാണ് 'പ്രൊജക്‌ട് കെ'.
ചിത്രത്തിന്‍റെ പ്രീ - പ്രൊഡക്ഷന്‍ വീഡിയോകൾ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പങ്കുവച്ചിരുന്നു. ആദ്യ എപ്പിസോഡായി 'റി ഇന്‍വെന്‍റിങ് ദി വീല്‍' എന്ന വീഡിയോ ആണ് പുറത്തുവിട്ടത്. ഒരു പ്രത്യേക ഡിസൈനിലുള്ള വീല്‍ നിര്‍മിക്കുന്നതായിരുന്നു ഈ വീഡിയോ. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.