ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ 'വിക്രം' സിനിമ വന്‍വിജയമായ സന്തോഷത്തിലാണ് കമല്‍ഹാസന്‍. ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സോഫീസില്‍ വലിയ തരംഗമായി മാറി. ഒരിടവേളയ്‌ക്ക് ശേഷം ഉലകനായകന്‍റെ ശക്തമായ തിരിച്ചുവരവാണ് വിക്രത്തില്‍ പ്രേക്ഷകര്‍ കണ്ടത്.
റിലീസ് ചെയ്‌ത് ചുരുങ്ങിയ ദിവസത്തിനുളളില്‍ തന്നെ ഇരുനൂറ് കോടിയിലധികം കളക്ഷനാണ് വിക്രം ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ നിന്ന് നേടിയത്. ഉലകനായകനൊപ്പം തന്നെ സിനിമയില്‍ അഭിനയിച്ച മറ്റ് താരങ്ങളുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്. ഒപ്പം അതിഥി വേഷത്തില്‍ എത്തി ഞെട്ടിച്ച സൂര്യയുടെ പെര്‍ഫോമന്‍സിനെയും മിക്കവരും പുകഴ്‌ത്തുന്നു.
'വിക്രം' ക്ലൈമാക്‌സില്‍ റോളക്‌സ് എന്ന കൊടുംവില്ലനായാണ് നടിപ്പിന്‍ നായകന്‍ എത്തുന്നത്. സിനിമയില്‍ അഞ്ച് മിനിറ്റേ ഈ കഥാപാത്രം ഉളളൂവെങ്കിലും വലിയ ഇംപാക്‌റ്റ് ഉണ്ടാകാന്‍ സൂര്യയുടെ റോളിന് സാധിച്ചു. ഉലകനായകനൊപ്പം അഭിനയിക്കണമെന്ന തന്‍റെ ഏറെ നാളത്തെ ആഗ്രഹമാണ് വിക്രം സിനിമയിലൂടെ സൂര്യയ്‌ക്ക് സാധിച്ചത്.
'വിക്ര'ത്തില്‍ അതിഥി വേഷത്തില്‍ എത്തിയ നടിപ്പിന്‍ നായകന് കമല്‍ഹാസന്‍ റോളക്‌സ് വാച്ച് സമ്മാനമായി നല്‍കിയതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സൂര്യ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'ഇത്തരം നിമിഷങ്ങള്‍ ജീവിതത്തെ മനോഹരമാക്കും, നന്ദി അണ്ണാ നിങ്ങളുടെ റോളക്‌സിന്' എന്ന് ട്വീറ്റ് ചെയ്‌താണ് സൂര്യ ചിത്രം പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം വിക്രം സംവിധായകന്‍ ലോകേഷ് കനകരാജിന് കമല്‍ഹാസന്‍ ലെക്‌സസ് ആഡംബര സെഡാന്‍ മോഡലായ ഇഎസ് 300 എച്ച് കാര്‍ സമ്മാനിച്ചിരുന്നു. കൂടാതെ സിനിമയുടെ പതിമൂന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് അപ്പാച്ചെ ആര്‍ടിആര്‍ ബൈക്കുകളും ഉലകനായകന്‍ സമ്മാനിച്ചു. അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടുമുളള ആദരസൂചകമായി പാരിതോഷികങ്ങള്‍ കൊണ്ട് മൂടുകയാണ് സിനിമയുടെ നിര്‍മാതാവ് കൂടിയായ നടന്‍.
രാജ്‌കമല്‍ ഫിലിംസിന്‍റെ ബാനറില്‍ ആര്‍ മഹേന്ദ്രനൊപ്പമാണ് കമല്‍ഹാസന്‍ സിനിമ നിര്‍മിച്ചത്. വിക്രം രണ്ടാം ഭാഗത്തില്‍ കമല്‍ഹാസനൊപ്പം സൂര്യയും പ്രധാന വേഷത്തിലെത്തും. ഒപ്പം ഫഹദ് ഫാസിലും ചിത്രത്തിലുണ്ടാകും. 120 കോടി മുതല്‍മുടക്കിലാണ് കമല്‍ഹാസന്‍ വിക്രം ഒരുക്കിയത്. റിലീസിന് മുന്‍പ് തന്നെ സിനിമയുടെ സാറ്റലൈറ്റ് അവകാശങ്ങള്‍ 200 കോടി രൂപയ്‌ക്ക് വിറ്റുപോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.