ചെന്നൈ:ഇന്ത്യൻ സിനിമാലോകത്തെ അതുല്യ പ്രതിഭ കമൽഹാസന്‍റെ 69-ാം ജന്മദിനമാണ് ഇന്ന് (നവംബർ 07). പ്രിയതാരത്തിന്‍റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും പ്രിയപ്പെട്ടവരും. എന്നാൽ ഉലകനായകൻ തന്‍റെ പിറന്നാൾ ആഘോഷിക്കുന്നത് വേറിട്ട രീതിയിലാണ്.
അഭിനയപാടവം കൊണ്ട് കാഴ്‌ചക്കാരെ അത്ഭുതപ്പെടുത്തുന്ന നടൻ തന്‍റെ ശക്തമായ നിലപാടുകൾകൊണ്ടും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ തന്‍റെ പിറന്നാൾ ദിനത്തിലും മാതൃകാപരമായ ഒരു കാര്യം തന്നെയാണ് കമൽഹാസൻ ചെയ്‌തിരിക്കുന്നത്. ചൊവ്വാഴ്‌ച എഗ്മോറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിന് (Institute of Child Health, Egmore) അന്തരീക്ഷ ജല ജനറേറ്റർ അഥവ അറ്റ്‌മോസ്‌ഫറിക് വാട്ടർ ജനറേറ്ററായ (atmospheric water generator) വായുജൽ (VayuJal) സംഭാവന ചെയ്‌തിരിക്കുകയാണ് കമൽഹാസൻ.
ദിവസേന 500 ലിറ്ററോളം വെള്ളം ഉത്പാദിപ്പിക്കുന്ന ജനറേറ്ററാണ് കുട്ടികളുടെ ആശുപത്രിയുടെ ടെറസിൽ സ്ഥാപിച്ചത്. മക്കൾ നീതി മയ്യം എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയായ കമൽ ഹാസൻ തന്നെയാണ് സ്വിച്ചോൺ കർമം നിർവഹിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഓഫിസിൽ സ്ഥാപിച്ചിട്ടുള്ള അറ്റ്‌മോസ്‌ഫറിക് വാട്ടർ ജനറേറ്ററിൽ നിന്നും ഉത്പാദിപ്പിക്കുന്ന വെള്ളമാണ് താനും കുടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ:പുറന്തനാൾ വാഴ്‌ത്തുക്കൾ കമൽഹാസൻ....! തലമുറകളെ അത്ഭുതപ്പെടുത്തുന്ന അഭിനയ പ്രതിഭ
തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് മന്ത്രി (എച്ച്ആർ & സിഇ) പി കെ ശേഖർ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേരത്തെ തന്നെ ഉലകനായകന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. കമൽഹാസന് ദീർഘായുസും ആരോഗ്യവും നേരുന്നതായി മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ, മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം, പട്ടാളി മക്കൾ പാർട്ടി നേതാവ് ഡോ. അൻബുമണി രാമദോസ്, നാം തമിഴർ പാർട്ടി ചീഫ് കോ-ഓർഡിനേറ്റർ സീമാൻ തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളും താരത്തിന് ആശംസകൾ നേർന്നു.
'ഇന്ത്യൻ 2' പുതിയ പോസ്റ്റർ പുറത്ത്: കമൽഹാസന്‍റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഇരട്ടി മധുരമായാണ് 'ഇന്ത്യൻ 2' സിനിമയുടെ പുതിയ പോസ്റ്റർ ഇന്ന് പുറത്തുവന്നത്. 'ഇന്ത്യൻ 2' സിനിമയുടെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് കമൽഹാസന് ആശംസകൾ നേർന്നുകൊണ്ട് പുതിയ പോസ്റ്റർ പങ്കുവച്ചത്. 'വീരശേഖരൻ സേനാപതിക്ക് ജന്മദിനാശംസകൾ' എന്ന് കുറിച്ചുകൊണ്ടാണ് ലൈക്ക പ്രൊഡക്ഷൻസ് എക്‌സിലൂടെ പോസ്റ്റർ പുറത്തുവിട്ടത്.
ഷങ്കര്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2' അദ്ദേഹത്തിന്‍റെ തന്നെ സംവിധാനത്തിൽ 1996-ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' സിനിമയുടെ തുടർച്ചയാണ്. കമല്‍ ഹാസന്‍ - ഷങ്കര്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായി തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആവേശപൂർവമാണ് കാത്തിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയായ 'സേനാപതി' എന്ന കഥാപാത്രത്തെ കമൽഹാസൻ അവതരിപ്പിക്കുമ്പോൾ കാജല്‍ അഗര്‍വാൾ, ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്‍റെ അച്ഛനും നടനുമായ യോഗ് രാജ് സിങ്, സിദ്ധാർഥ്, ബോബി സിംഹ, സമുദ്രക്കനി, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അണിനിരക്കുന്നു.
READ MORE:ഉലകനായകന്‍റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഇരട്ടി മധുരം ; 'ഇന്ത്യൻ 2' പുതിയ പോസ്റ്റർ പുറത്ത്