തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്‌ത ആക്ഷൻ കൊറിയോഗ്രാഫേഴ്‌സാണ് അന്‍പറിവ് മാസ്റ്റേഴ്‌സ്. കണ്ണഞ്ചിപ്പിക്കുന്ന തകർപ്പൻ ആക്ഷൻ സ്വീക്വൻസുകൾ ഒരുക്കി കയ്യടിനേടിയ ഇരട്ട സഹോദരങ്ങളായ അൻബു മണിയും അറിവ് മണിയും ഇനി സംവിധായകരായും തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അന്‍പറിവ് മാസ്റ്റേഴ്‌സ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമായി (Anbariv Masters directorial debut KH237).
'KH237' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ഉലകനായകൻ കമൽ ഹാസനാണ് നായകനാവുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസനും മഹേന്ദ്രനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. കമല്‍ ഹാസന്‍ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത് (Anbariv Masters Directorial debut).
'ഇതിനോടകം തങ്ങളുടെ കഴിവ് തെളിയിച്ച രണ്ട് പ്രതിഭകൾ അവരുടെ പുതിയ അവതാരത്തിൽ, 'KH237'ന്‍റെ സംവിധായകരായി വരുന്നതിൽ ഏറെ അഭിമാനിക്കുന്നു. അൻപറിവ് മാസ്റ്റേഴ്‌സ്, രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണലിലേക്ക് വീണ്ടും സ്വാഗതം' കമൽ ഹാസൻ എക്‌സിൽ കുറിച്ചു. ഉലകനായകൻ കമൽ ഹാസൻ വേഷമിടുന്ന ഒരു ചിത്രം സംവിധാനം ചെയ്യാൻ തങ്ങൾക്ക് അവസരം ലഭിച്ചു എന്നത് ഇപ്പോഴും അതിശയകരമായി തോന്നുന്നു എന്നായിരുന്നു അൻപറിവ് മാസ്റ്റേഴ്‌സിന്‍റെ പ്രതികരണം.