തിരുവനന്തപുരം :ആൽബം സോങ്ങുകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമയാണ് ‘കള്ളനും ഭഗവതിയും’. കെവി അനിൽ എഴുതിയ കഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തിന് പുസ്‌തകത്തിൻ്റെ പേരു തന്നെയാണ് നൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംവിധായകനും താരങ്ങളും വാർത്ത സമ്മേളനം നടത്തി.
സിനിമയെ സംബന്ധിച്ച് ഉയർന്ന വിമർശനങ്ങൾക്ക് സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ വാർത്ത സമ്മേളനത്തിൽ മറുപടി പറഞ്ഞു. ‘കാലഘട്ടത്തിന് അനുസൃതമായ സിനിമയാണ് കള്ളനും ഭഗവതിയും, മലയാളത്തിൽ അതികം കണ്ടുപരിചയം ഇല്ലാത്ത ഒരു മുഖം ഭഗവതിയുടെ വേഷം ചെയ്‌താൽ നന്നാകുമെന്ന് തോന്നിയതുകൊണ്ടാണ് ബംഗാളി ചലച്ചിത്ര നടി മോക്ഷയെ സമീപിച്ചത്. മലയാളത്തിൽ നിരവധി പ്രമുഖ അഭിനേത്രികളെ സമീപിച്ചെങ്കിലും ഭഗവതിയുടെ വേഷം ഏറ്റെടുക്കാൻ പലരും തയ്യാറായില്ലെന്നും സംവിധായകൻ പറഞ്ഞു.
'ചിത്രം ആൽബത്തിൻ്റെ രൂപത്തിലാണെന്ന വിമർശനങ്ങൾ ഉയർത്തുന്നവർക്ക് എന്തോ കുഴപ്പമുണ്ടെന്നാണ് തോന്നുന്നത്. ഇത്തരം വിമർശനങ്ങൾക്ക് ഞാൻ വില കൊടുക്കാറില്ല. ഞാൻ ആൽബം ചെയ്ത് വിജയിച്ച ആളെന്ന നിലയിലാണ് ഇത്തരം വിമർശനങ്ങൾ ഇവർ ഉയർത്തുന്നത്. ഇതു മുഖവിലയ്‌ക്കെടുക്കുന്നില്ല'. ഈസ്റ്റ് കോസ്റ്റ് വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും മികച്ച കണ്ടൻ്റുകൾ ഉണ്ടാകുന്നത് മലയാളത്തിൽ: ഇന്ത്യയിൽ ഏറ്റവും മികച്ച കണ്ടൻ്റുകൾ ഉണ്ടാകുന്നത് മലയാളത്തിലാണെന്നും, അവസരം ലഭിക്കുകയാണെങ്കിൽ ഇനിയും കൂടുതൽ വൈവിദ്ധ്യമുള്ള വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ചിത്രത്തിൽ ഭഗവതിയുടെ വേഷം ചെയ്‌ത ബംഗാളി ചലചിത്രതാരം മോക്ഷ മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്ന് മലയാള സിനിമാ താരം അനുശ്രീയും കൂട്ടിച്ചേർത്തു.