84ന്‍റെ നിറവിലാണ് ഗാനഗന്ധർവൻ യേശുദാസ്. കെ ജെ യേശുദാസ് എന്ന ഗന്ധര്‍വ സ്വരത്തിന്‍റെ മാധുര്യമറിയാത്ത മലയാളികളുണ്ടോ? കാതില്‍ തേന്‍മഴയായി നിറഞ്ഞുനിൽക്കുകയാണ് എണ്ണമറ്റ മനോഹര ഗാനങ്ങൾ. മലയാളത്തിന്‍റെ എന്നല്ല വിശ്വസംഗീതത്തിലെ തന്നെ അത്ഭുത പ്രതിഭാസമാണ് കെ ജെ യേശുദാസ്.
1961ൽ തുടങ്ങിയ ചലച്ചിത്ര പിന്നണി ഗാനാലാപനം. 62 വർഷങ്ങൾക്കിപ്പുറം ഗാനഗന്ധർവന്‍റെ പാട്ടുപുസ്‌തകത്തിലെ താളുകൾ നമ്മളെ നോക്കി ചിരിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന താളുകളിൽ സ്വരധാര വീണ്ടും ഒഴുകുന്നതും കാത്ത് സംഗീതപ്രേമികൾ കാത്തിരിപ്പാണ്.
ഈ കാലയളവിൽ കെ ജെ യേശുദാസ് എന്ന പ്രതിഭ വാരിക്കൂട്ടിയ പുരസ്‌കാരങ്ങളും എണ്ണമറ്റതാണ്. സംഗീത ലോകത്ത് ഇത്രയേറെ അവാർഡുകൾ കൈപ്പിടിയിലാക്കിയ ഒരു ഗായകൻ ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ഉണ്ടോ എന്ന് തന്നെ സംശയം. എട്ട് തവണയാണ് ചലച്ചിത്ര പിന്നണി ഗാനാലാപനത്തിന് യേശുദാസ് ദേശീയ പുരസ്‌കാരത്തിന് അർഹനായത് (Awards won by K J Yesudas).
മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്‌കാരം 25 തവണ അദ്ദേഹത്തെ തേടിയെത്തി. 1969ൽ ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ സംസ്ഥാന സർക്കാർ പുരസ്‌കാര നേട്ടം. 'കുമാര സംഭവം' സിനിമയിലെ 'പൊൽതിങ്കൾകല' എന്ന ഗാനത്തിലൂടെ യേശുദാസ് തന്‍റെ പുരസ്‌കാര വേട്ട തുടങ്ങി. അടുത്ത രണ്ടു വർഷവും അതേ പുരസ്‌കാരം അദ്ദേഹം നിലനിർത്തി.
1973 മുതൽ 77 വരെ തുടർച്ചയായ അഞ്ച് വർഷം സംസ്ഥാന പുരസ്‌കാരം എതിരാളികളില്ലാതെ ദാസേട്ടന് സ്വന്തമായി. 1979, 1980, 1981, 1982, 1983, 1984, 1985, 1986 വർഷങ്ങളിൽ നേട്ടങ്ങൾ വീണ്ടും ആവർത്തിച്ചു. തനിക്ക് ഇനി പുരസ്‌കാരങ്ങൾ നൽകരുതെന്നും പുതിയ പാട്ടുകാർക്ക് അവസരം നൽകണമെന്നും യേശുദാസിന് അഭ്യർഥിക്കേണ്ടി വന്നതും ചരിത്രം.
ഏതാണ്ട് എല്ലാ ഇന്ത്യൻ ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. 8 തവണയാണ് അദ്ദേഹത്തെ തമിഴ്‌നാട് സർക്കാരിന്‍റെ സംസ്ഥാന അവാർഡ് തേടിയെത്തിയത്. 6 തവണ മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സംസ്ഥാന അവാർഡും 5 തവണ കർണാടക സംസ്ഥാന അവാർഡും ഒരു തവണ പശ്ചിമബംഗാൾ സംസ്ഥാന അവാർഡും യേശുദാസ് നേടി.