കേരളം

kerala

യേശുദാസ് @ 84; സിരകളിൽ പടരുന്ന ലഹരി, സംഗീതത്തിന്‍റെ മറുപേര്, പിറന്നാൾ നിറവിൽ ദാസേട്ടൻ

By ETV Bharat Kerala Team

Published : Jan 10, 2024, 6:43 AM IST

Updated : Jan 10, 2024, 12:11 PM IST

K J Yesudas @ 84 : സംഗീതത്തിന് പര്യായമായി മാറിയ നിത്യഹരിത ഗായകൻ, മലയാളിയുടെ സ്വന്തം ദാസേട്ടൻ എൺപത്തിനാലാം പിറന്നാൾ നിറവിൽ.

കെജെ യേശുദാസ് പിറന്നാൾ  KJ Yesudas songs and life  KJ Yesudas birthday  കെജെ യേശുദാസ് ഗാനങ്ങൾ
K J Yesudas @ 84

ലയാളിക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്‍റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി മറ്റെന്തെല്ലാമോ കൂടിയാണ് ആ മനുഷ്യൻ. തന്‍റെ സുഖ -ദുഃഖങ്ങളിലും സന്തോഷ - സന്താപങ്ങളിലുമെല്ലാം കൂട്ടായി എത്തുന്ന ഗാനങ്ങൾ, അവയ്‌ക്ക് പിന്നിലെ സ്വര മാധുര്യം, മണ്ണിലെ ഗാനഗന്ധർവൻ. ആ അപൂർവ സുന്ദര സ്വരമാധുരി നുണയാത്തവരായി ആരുമുണ്ടാകില്ല (K. J. Yesudas Birthday Special).

പതിറ്റാണ്ടുകൾക്കിപ്പുറം മാറ്റിവയ്‌ക്കാനാകാത്ത ശീലമായി മലയാളിക്ക് യേശുദാസ് മാറിക്കഴിഞ്ഞു. പകരം വയ്‌ക്കാനില്ലാത്ത വികാരം, അതാണ് ആ ശബ്‌ദത്തിന്‍റെ മാറ്റ് കൂട്ടുന്നത്. വാക്കുകൾ മതിയാകാതെ വരും ആ സ്വരമാധുരിയ്‌ക്ക് വിശേഷണങ്ങൾ തീർക്കാൻ.

തലമുറകളെ തന്‍റെ ആരാധകരാക്കിയ ഇന്ദ്രജാലം ദാസേട്ടൻ തുടർന്ന് കൊണ്ടേയിരിക്കുന്നു. മലയാളികൾ ഉള്ളിടത്തോളം കാലം കെ ജെ യേശുദാസും ആ ശബ്‌ദവും നിലനിൽക്കും.

തന്‍റെ 21-ാം വയസിലായിരുന്നു കെ ജെ യേശുദാസിന്‍റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുളള കടന്നുവരവ്. 1961 നവംബർ 14, സംഗീത ലോകത്ത് ഒരു അത്ഭുതം പിറവികൊണ്ട ദിനം. അന്നാണ് 'കാൽപാടുകൾ' എന്ന സിനിമയ്‌ക്കായി യേശുദാസിന്‍റെ സ്വരം ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടത്. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്.

'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്...' ശ്രീനാരായണ ഗുരുവിന്‍റെ വിഖ്യാതമായ നാലുവരി ശ്ലോകം എംപി ശ്രീനിവാസൻ ചൊല്ലിക്കൊടുത്ത ഈണത്തിൽ പാടി ആ യുവാവ് അരങ്ങേറ്റം ഗംഭീരമാക്കി. പിന്നെ ഇന്ത്യൻ സംഗീതലോകം സാക്ഷ്യംവഹിച്ചത് അത്ഭുതകരമായ ഒരു വളര്‍ച്ചയ്ക്കാണ്.

കോടാനുകോടി മനുഷ്യരുടെ കാതുകളിലേക്ക് നിലയ്‌ക്കാതെ ഒഴുകിയ (ഇന്നും ഒഴുകുന്ന) മനോഹര ശബ്‌ദമായി യേശുദാസ് മാറി. ഒരു ജനതയുടെയാകെ ഇതിഹാസമായി ഒരു പാട്ടുകാരൻ മാറുന്നതിന് കാലം സാക്ഷിയായി.

84-ാം വയസിലും പകരക്കാരനില്ല യേശുദാസിന്. ഇന്നും കർണാടക സംഗീതത്തിന്‍റെ ഒരംശം മാത്രമേ തനിക്ക് സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് പരിഭവിക്കുന്ന യേശുദാസ്, താൻ വിദ്യാർഥി മാത്രമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. മലയാളികൾക്ക്, സംഗീത പ്രേമികൾക്ക് പാട്ടെന്ന് കേൾക്കുമ്പോൾ തെളിഞ്ഞുവരുന്ന മുഖമാണ് യേശുദാസിന്‍റേത് എന്നതിൽ തർക്കമുണ്ടാകാൻ ഇടയില്ല.

കാൽപ്പാടുകൾക്ക് വേണ്ടി പാടിയ ആദ്യ രണ്ട് ഗാനങ്ങൾക്ക് ശേഷം വേലുത്തമ്പി ദളവ, ശാന്തി നിവാസ്, പാലാട്ടുകോമൻ എന്നിങ്ങനെ സിനിമകൾ. 1962ൽ പുറത്തിറങ്ങിയ കണ്ണും കരളിനും വേണ്ടി പാടിയ കാണാനലയുന്നു കണ്ണുകൾ എന്ന പാട്ട് ശ്രദ്ധ നേടി. ആദ്യ മെഗാഹിറ്റ് പിറന്നത് ഭാസ്‌കരൻ - ബാബുരാജ് കൂട്ടുകെട്ടിൽ പിറന്ന ഭാഗ്യജാലകം എന്ന സിനിമയിലൂടെ.

പതിയെ തന്‍റെ തട്ടകത്തിന്‍റെ രാജാവായി ആ മനുഷ്യൻ വളർന്നു, സമ്പൂർണ ആധിപത്യം എന്നുതന്നെ പറയാം. പിന്നീടിറങ്ങിയ സിനിമകളിലെല്ലാം യേശുദാസ് എന്ന ഗായകൻ അവിഭാജ്യ ഘടകമായി മാറി. മലയാളിക്ക് സിനിമ പാട്ടെന്നാൽ യേശുദാസായി മാറി. ചുരുക്കത്തിൽ സംഗീതം എന്നതിന്‍റെ പര്യായമായി യേശുദാസെന്ന പേര് വളർന്നു.

മലയാളത്തിലെ മികവുറ്റ സംഗീതജ്ഞരുടെയെല്ലാം പ്രിയപ്പെട്ട ഗായകനായി യേശുദാസ്. ദേവരാജൻ മാഷും കെജെ യേശുദാസും കൈകോർത്തപ്പോഴെല്ലാം സംഗീതാസ്വാദകർക്ക് ലഭിച്ചത് പകരംവയ്‌ക്കാനില്ലാത്ത ഗാനങ്ങളായിരുന്നു. കാതിന് ഇമ്പം മാത്രമല്ല, സിരകളില്‍ പടരുന്ന ലഹരി തന്നെയായിരുന്നു ഓരോ ഗാനങ്ങളും. പുതിയ കാലത്തും സംഗീതജ്ഞർ ദാസേട്ടനെ ചേർത്തുനിർത്തുന്നു.

യേശുദാസ് ജീവിക്കുന്ന കാലത്ത്, അദ്ദേഹം പാടിയ കാലത്ത്, ജീവിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് പറയുന്നവർ ഏറെയാണ്. പതിറ്റാണ്ടുകളുടെ സംഗീത വിസ്‌മയമായി ഇനിയും പാടി തീരാത്ത സംഗീതത്തെ ഉപാസിച്ച് തീരാത്ത ദാസേട്ടൻ...ലോകത്തോട് മലയാളികൾ വിളിച്ചുപറയുന്നു, സംഗീത ലോകത്തെ ഇതിഹാസം ഇതാ ഇവിടെയുണ്ട്. പിറന്നാൾ സ്‌നേഹം ദാസേട്ടാ...

Last Updated : Jan 10, 2024, 12:11 PM IST

ABOUT THE AUTHOR

...view details