ഹൈദരാബാദ്: '2018 - എവരിവൺ ഈസ് എ ഹീറോ' ഓസ്‌കർ പ്രചരണത്തിന്‍റെ ഭാഗമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നിലവിൽ അമേരിക്കയിലാണ്. വിഖ്യാതമായ അക്കാദമി അവാര്‍ഡുകള്‍ക്കായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്‌ത '2018'. യുഎസിലെ തന്‍റെ പ്രൊമോഷണൽ പര്യടനത്തിനിടെ, സംവിധായകൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഓസ്‌കർ അവാർഡിനായുള്ള തന്‍റെ പ്രത്യാശയാണ് ജൂഡ് ആന്തണി ജോസഫ് പോസ്റ്റിൽ പറയുന്നത് (Jude Anthany Joseph manifests Oscar for 2018). ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്റർ സന്ദർശിച്ച ശേഷമാണ് ജൂഡ് തന്‍റെ ആഗ്രഹവും പ്രത്യാശയുമെല്ലാം പ്രേക്ഷകരുമായി പങ്കുവച്ചത്. 2024 മാർച്ച് 10ന് ഇന്ത്യയ്‌ക്കുള്ള മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം അവാർഡ് ചിത്രം നേടുമെന്നാണ് പ്രതീക്ഷയെന്ന് ജൂഡ് പറയുന്നു.
ഡോൾബി തിയേറ്റർ സന്ദർശനത്തിനിടെ പകർത്തിയ ചിത്രങ്ങളും ജൂഡ് ആന്തണി ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 'ഇന്ത്യയ്‌ക്കുള്ള ഏറ്റവും മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ചിത്രത്തിനുള്ള ഓസ്‌കാറിനൊപ്പം 2024 മാർച്ച് 10-ന് ഇവിടെ നിൽക്കാൻ ദൈവവും മുഴുവൻ പ്രപഞ്ചവും എനിക്കൊപ്പം വേണം. ഞങ്ങൾ ആ ദിവസത്തിനായി കാത്തിരിക്കുന്നു' -സംവിധായകൻ കുറിച്ചു.
സന്ദർശന വേളക്കിടെ സ്റ്റേജിൽ കയറാനും വേദിയിൽ ഇരിക്കാനും ജൂഡ് മറന്നില്ല. സംവിധായകൻ സ്റ്റീവൻ സ്‌പിൽബെർഗിനായി റിസർവ് ചെയ്‌ത സീറ്റിനരികിൽ നിന്നും ജൂഡ് പോസ് ചെയ്യുന്നുണ്ട്. കൂടാതെ, ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ നിന്നുള്ള ചിത്രങ്ങളും ജൂഡ് പങ്കിട്ടു. ഹോളിവുഡ് ബൊളിവാർഡിനും വൈൻ സ്ട്രീറ്റിനും ഇടയിൽ എടുത്ത ചിത്രത്തിൽ, ജൂഡ് ആന്തണി ജോസഫ് തന്‍റെ പേരിൽ അലങ്കരിച്ച സ്റ്റാറും പങ്കുവച്ചു.