ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നായ ലൈക പ്രൊഡക്ഷൻസ് മലയാളത്തിലേക്ക്. ജൂഡ് ആന്‍റണി ജോസഫുമായി കൈകോർത്താണ് ലൈക പ്രൊഡക്ഷൻസ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലൈക പ്രൊഡക്ഷൻ തന്നെ ആണ് ട്വിറ്റർ പേജിലൂടെ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മലയാളത്തിൽ നിന്നും ഇതാദ്യമായാകും യുവ സംവിധായകൻ വമ്പന്‍ നിർമാണ കമ്പനിയുമായി സഹകരിക്കുന്നത്. ഉടൻ തന്നെ സിനിമ ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ ഈ സിനിമയുടെ മറ്റ് വിശദാംശങ്ങളൊന്നും നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ സൂപ്പർ സ്റ്റാറുകളിൽ ഒരാളാകും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം വലിയ മുതല്‍ മുടക്കിലാകും നിർമിക്കുകയെന്നും പറയപ്പെടുന്നു.
ലോകമെമ്പാടും ഉള്ള തിയേറ്ററുകളില്‍ വലിയ വിജയമായ ‘2018 എവരിവണ്‍ ഈസ് എ ഹീറോ' എന്ന ചിത്രമാണ് ജൂഡ് ആന്‍റണി ജോസഫ് അവസാനമായി സംവിധാനം ചെയ്‌തത്. മലയാളത്തില്‍ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് വിജയമായ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകളും വലിയ രീതിയിൽ ചർച്ചയായിരുന്നു. സിനിമയുടെ വൻ വിജയത്തോടെ ജൂഡിനെ തേടി മറ്റ് ഭാഷകളിൽ നിന്നും വമ്പൻ ഓഫറുകളാണ് എത്തുന്നത്. ഹിന്ദിയില്‍ നിന്നും തെലുങ്കിൽ നിന്നും നിർമാണ കമ്പനികൾ സംവിധായകനെ സമീപിച്ചിരുന്നതായാണ് വിവരം.
ആഗോളതലത്തിൽ ബോക്സോഫിസിൽ നിന്ന് 150 കോടി രൂപ നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം '2018' സ്വന്തമാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്‌ത് മൂന്ന് വാരം പിന്നിട്ടപ്പോൾ ആയിരുന്നു ഈ ചരിത്ര നേട്ടം. പ്രളയത്തിലകപ്പെട്ട കേരളത്തിന്‍റെ അതിജീവന കഥ പറഞ്ഞ സിനിമ 10 ദിവസംകൊണ്ട് 100 കോടി നേടിയും ചരിത്രം സൃഷ്‌ടിച്ചിരുന്നു. അതിവേഗം നൂറുകോടി ക്ലബ്ലിലെത്തുന്ന ആദ്യ ചിത്രമെന്ന സവിശേഷതയും ഈ സർവൈവല്‍ ത്രില്ലർ സ്വന്തമാക്കി.
'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്‍റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തില്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി, തൻവി റാം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇവർക്ക് പുറമെ സുധീഷ്, സിദ്ദിഖ്, ജാഫർ ഇടുക്കി, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.
അതേസമയം നസ്രിയ നാസിം, നിവിൻ പോളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ഓം ശാന്തി ഓശാന' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ജൂഡ് ആന്‍റണി ജോസഫ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരു മുത്തശ്ശി ഗദ, സാറാസ് എന്നി ചിത്രങ്ങളും ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‌തു. സംവിധാനത്തിന് പുറമെ അഭിനയ രംഗത്തും സജീവമാണ് ജൂഡ്.
READ MORE:ബോക്സോഫിസിൽ കുതിപ്പ് തുടർന്ന് '2018'; ആഗോളതലത്തിൽ 150 കോടി നേടുന്ന ആദ്യ മലയാള ചിത്രം