ഓസ്കറിൽ തിളങ്ങിയ 'ആർആർആർ' സിനിമയ്‌ക്ക് ശേഷം ജൂനിയർ എൻടിആർ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ദേവര'. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ പുറത്തുവന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിലാകെ വൈറലായി മാറി (Jr NTR's Devara Part 1 glimpse video goes viral).
രണ്ട് കോടിയിലേറെ കാഴ്‌ചക്കാരെയാണ് ചുരുങ്ങിയ സമയംകൊണ്ട് വീഡിയോ യൂട്യൂബിൽ സ്വന്തമാക്കിയത്. കടലും, കപ്പലുകളുമുള്ള, രക്തകലുഷിതമായ ഒരു ലോകത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതായിരുന്നു വീഡിയോ. അത്യുഗ്രൻ ആക്ഷൻ സ്വീക്വൻസുകളാലും സമ്പന്നമാകും 'ദേവര' എന്ന സൂചനയും ഗ്ലിംപ്‌സ് വീഡിയോ നൽകുന്നുണ്ട്.
ആരാധകരെയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കുന്ന വീഡിയോയിൽ പ്രത്യേക ആകൃതിയിലുള്ള ആയുധവുമേന്തി, മാസ് ലുക്കിലാണ് ജൂനിയർ എൻടിആർ പ്രത്യക്ഷപ്പെടുന്നത്. 'ഈ കടലില്‍ മത്സ്യങ്ങളെക്കാള്‍ കൂടുതൽ രക്തമാണ്, അതുകൊണ്ടാണ് ഇതിനെ ചെങ്കടല്‍ എന്നു വിളിക്കുന്നത്' - ജൂനിയർ എൻടിആറിന്‍റെ മാസ് ഡയലോഗും വീഡിയോയിൽ കയ്യടി നേടുന്നു. അനിരുദ്ധിന്‍റെ 'ഓള്‍ ഹെയിൽ ദി ടൈഗര്‍' എന്ന ഗാനശകലവും പിന്നണിയിൽ കേൾക്കാം.
കൊരട്ടല ശിവയാണ് 'ദേവര' സംവിധാനം ചെയ്യുന്നത്. എന്‍ടിആര്‍ ആര്‍ട്‌സും യുവസുധ ആര്‍ട്‌സും ചേര്‍ന്നാണ് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ നിർമാണം. നന്ദമുരി കല്യാണ്‍ റാം ആണ് ദേവര പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.