'നാട്ടു നാട്ടു'വിന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കര്‍ ലഭിച്ച ശേഷം 'ആർആർആർ' ടീം വലിയ സന്തോഷത്തിലാണ്. പുരസ്‌കാര നേട്ടത്തില്‍ തനിക്ക് വളരെ അഭിമാനം തോന്നുന്നുവെന്ന് തെലുഗു സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍. തങ്ങളെ പിന്തുണച്ച ഓരോ ഇന്ത്യക്കാരനും നന്ദി അറിയിക്കുന്നുവെന്നും താരം പറഞ്ഞു.
ലോസ് ഏഞ്ചല്‍സില്‍ നടന്ന 95ാമത് അക്കാദമി അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാര്‍ച്ച് 15ന് രാവിലെ ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ താരം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം കൊറിയോഗ്രാഫര്‍ പ്രേം രക്ഷിതും ഉണ്ടായിരുന്നു. 'ആർആർആറി'നെയും വൈറലായ 'നാട്ടു നാട്ടു' ഗാനത്തെയും സ്നേഹിക്കുകയും ആഘോഷിക്കുകയും ചെയ്‌ത എല്ലാവർക്കും കൊറിയോഗ്രാഫർ പ്രേം രക്ഷിതും നന്ദി പറഞ്ഞു.
'എംഎം കീരവാണിയും ചന്ദ്രബോസും ഓസ്‌കർ സ്വീകരിക്കുന്നത് കണ്ടതാണ് ഏറ്റവും നല്ല നിമിഷം. 'ആര്‍ആര്‍ആറി'ല്‍ എനിക്ക് അഭിമാനം തോന്നുന്നു. 'ആര്‍ആര്‍ആറി'നെ പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്‌തതിന് ഓരോ ഇന്ത്യക്കാരനോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നേടിയ ഈ പുരസ്‌കാരം ആരാധകരുടെയും സിനിമ വ്യവസായത്തിന്‍റെയും സ്നേഹം കൊണ്ട് മാത്രമേ സാധ്യമാകൂ' - ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.
അവാർഡ് സ്വീകരിച്ച ശേഷം എംഎം കീരവാണി തന്നെ ആലിംഗനം ചെയ്‌ത നിമിഷം ജീവിതത്തിലെ പ്രധാനപ്പെട്ട അനുഭവങ്ങളിലൊന്നാണെന്ന് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് വെളിപ്പെടുത്തി. 'അവാർഡ് ഏറ്റുവാങ്ങി കീരവാണി സാറും ചന്ദ്രബോസ് സാറും പുറത്തിറങ്ങി. കീരവാണി സാർ എന്നെ കെട്ടിപ്പിടിച്ചു. ആ നിമിഷം ഞാന്‍ എത്ര മാത്രം അനുഗ്രഹിക്കപ്പെട്ടു എന്നത് പറഞ്ഞറിയിക്കാൻ കഴിയില്ല. 'ആർആർആറി'നെയും 'നാട്ടു നാട്ടു'വിനെയും വളരെയധികം സ്‌നേഹിച്ചതിന് എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.' -പ്രേം രക്ഷിത് പറഞ്ഞു.