ഇടുക്കി: വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ 5000 രൂപ പിഴയടച്ച് നടന്‍ ജോജു ജോര്‍ജ്. അനുമതിയില്ലാത്ത റേസില്‍ പങ്കെടുത്തതിനും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനുമാണ് എംവിഡി നടനെതിരെ കേസെടുത്തത്. ഇത്തരത്തില്‍ വാഹനം ഓടിച്ചത് ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണെങ്കിലും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ജോജുവിന് മോട്ടോര്‍ വാഹന വകുപ്പ് ഇളവ് നല്‍കിയത്.
ഓഫ് റോഡ് റേസില്‍ പങ്കെടുത്തത് നിയമവിരുദ്ധം ആണെന്ന് അറിയില്ലായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് ജോജുവിന്‍റെ ലൈസന്‍സ് റദ്ദാക്കാതിരുന്നതെന്ന് ഇടുക്കി ആര്‍ടിഒ ആര്‍.രമണന്‍ അറിയിച്ചു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ആര്‍ടിഒ നേരത്തെ ജോജുവിന് നോട്ടീസ് അയച്ചിരുന്നു.
തുടര്‍ന്നാണ് നടന്‍ ആര്‍ടിഒയ്‌ക്ക് വിശദീകരണം നല്‍കിയത്. ഇതിനിടെ പരിപാടിയില്‍ പങ്കെടുത്ത 12 പേര്‍ക്ക് വാഗമണ്‍ പൊലീസ് നോട്ടീസ് അയച്ചു. കേസില്‍ നാല് പേര്‍ നേരത്തെ ഹാജരായി ജാമ്യമെടുത്തിരുന്നു. കെഎസ്‌യു ഇടുക്കി ജില്ല പ്രസിഡന്‍റ് ടോണി തോമസിന്‍റെ പരാതിയിലാണ് ജോജു അടക്കമുളളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനും വാഗമണ്‍ പൊലീസിലും കെഎസ്‌യു പരാതി നല്‍കി.