ഫാമിലി ത്രില്ലറുമായി മലയാളികളുടെ പ്രിയ താരം ജോജു ജോർജ് എത്തുന്നു. പ്രശസ്‌ത സംവിധായകൻ എ കെ സാജൻ ഒരുക്കുന്ന 'പുലിമട' എന്ന സിനിമയിലാണ് ജോജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (Joju George - A K Sajan Movie Pulimada). സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലറിതാ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് (Joju George's Pulimada Trailer).
ഏറെ നിഗൂഢതകളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. സസ്‌പെൻസ് ഒളിപ്പിച്ച് വയ്‌ക്കുന്ന, കാണികളില്‍ ഒട്ടനവധി ചോദ്യങ്ങൾ ബാക്കിയാക്കുന്ന ട്രെയിലർ സിനിമയ്‌ക്കായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നുണ്ട്. മികച്ച പ്രകടനത്താൽ പതിവുപോലെ ജോജു പ്രേക്ഷകരെ ഞെട്ടിക്കുമെന്ന ഉറപ്പും തരുന്നതാണ് ട്രെയിലർ.
പെണ്ണിന്‍റെ സുഗന്ധം (സെന്‍റ് ഓഫ് എ വുമൺ) എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷും ലിജോമോളും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും മികവുറ്റ പ്രകടനത്തിലേക്കും വെളിച്ചം വീശുകയാണ് ട്രെയിലർ. ഒപ്പം ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, ജോണി ആന്‍റണി എന്നിവരെയും ട്രെയിലറിൽ കാണാം.
ഒക്ടോബർ 26നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. പാൻ ഇന്ത്യൻ ചിത്രമായാണ് പുലിമടയുടെ വരവ്. ഇൻക്വിലാബ് സിനിമാസ്, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ രാജേഷ് ദാമോദരനും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. ബിഗ് ബജറ്റിൽ ഒരുക്കിയ പുലിമട ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
പോലീസ് കോൺസ്റ്റബിൾ ആയ 'വിൻസന്‍റ് സ്‌കറിയ' എന്ന കഥാപാത്രത്തെയാണ് ജോജു ജോർജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിൻസന്‍റ് സ്‌കറിയയുടെ വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും ഇയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമട പ്രേക്ഷകന് മുന്നിൽ എത്തിക്കുന്നത്. ബാലചന്ദ്ര മേനോൻ, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്‌ണപ്രഭ, പൗളി വത്സൻ, ഷിബില തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വയനാടായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ.
'പുലിമട'യ്‌ക്കായി ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്‌ത ഛായാഗ്രാഹകൻ വേണുവാണ്. പത്തു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സ്വന്തം സംവിധാനത്തിൽ അല്ലാതെ വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'പുലിമട'. ഇഷാൻ ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അനിൽ ജോൺസനാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വർക്കി ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ - വിനീഷ് ബംഗ്ലാൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്‌ടർ - ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, ഷമീർ ശ്യാം, കോസ്റ്റ്യൂം - സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് & മിക്‌സിംഗ് - സിനോയ് ജോസഫ്, ഗാനരചന - റഫീഖ് അഹമ്മദ്, ഡോ. താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്‌ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഹരീഷ് തെക്കേപ്പാട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.