കേരളം

kerala

ETV Bharat / entertainment

ആ തൂലിക നിലച്ചു… ജോണ്‍ പോള്‍ ഇനി ഓര്‍മകളില്‍

പ്രശസ്‌ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോള്‍ ഇനി ഓര്‍മകളില്‍.

John Paul in memories  ജോണ്‍ പോള്‍ ഇനി ഓര്‍മകളില്‍  John Paul passed away  John Paul died  ജോണ്‍ പോള്‍ അന്തരിച്ചു.  ജോണ്‍ പോള്‍ ഇനി ഇല്ല
ആ തൂലിക നിലച്ചു... ജോണ്‍ പോള്‍ ഇനി ഓര്‍മകളില്‍...

By

Published : Apr 23, 2022, 1:33 PM IST

പ്രശസ്‌ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോള്‍ ഇനി ഇല്ല. സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കും തീരാ കണ്ണീരായി ജോണ്‍ പോള്‍ യാത്രയായി. 42 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ അദ്ദേഹം മലയാളികള്‍ക്കും, മലയാള സിനിമയ്‌ക്കും സമ്മാനിച്ചത്‌ നിരവധി ചിത്രങ്ങളാണ്.

1980കളുടെ തുടക്കത്തില്‍ മലയാളത്തിലെ പ്രഗല്‍ഭരായ സംവിധായകരുമായി ഒന്നിച്ച്‌ പ്രവര്‍ത്തിച്ച അദ്ദേഹം 100ലധികം ചലച്ചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതി. ചാമരം, ഓര്‍മക്കായ്‌, യാത്ര എന്നീ സിനിമകളുടെ തിരക്കഥകളിലൂടെയാണ് അദ്ദേഹം മലയാള ചലച്ചിത്ര രംഗത്ത്‌ ശ്രദ്ധിക്കപ്പെട്ടത്‌. ഒരു കടങ്കഥ പോലെ, പാളങ്ങള്‍, യാത്ര, രചന, വിടപറയും മുമ്പേ, ആലോലം, മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ചാമരം, അതിരാത്രം, വെള്ളത്തൂവല്‍, സ്വപ്‌നങ്ങളിലെ ഹേഷന്‍ മേരി, കാതോട്‌ കാതോരം, സന്ധ്യമയങ്ങും നേരം, അവിടത്തെ പോലെ ഇവിടെയും, ഉത്സവപ്പിറ്റേന്ന്‌, ആരോരുമറിയാതെ തുടങ്ങിയവയാണ് അദ്ദേഹം തിരക്കഥകള്‍ എഴുതിയ പ്രധാന ചിത്രങ്ങള്‍.

ഷെവലിയര്‍ പുതുശ്ശേരി വര്‍ക്കി പൗലോസിന്‍റെയും മുളയരിക്കല്‍ റബേക്കയുടെയും മകനായി 1950 ഒക്‌ടോബര്‍ 29ന്‌ എറണാകുളത്താണ് ജനനം. ജോണ്‍ പോള്‍ പുതിശ്ശേരി എന്നാണ് മുഴുവന്‍ പേര്‌. എറണാകുളം സെന്‍റ്‌ ആല്‍ബര്‍ട്‌സ്‌ സ്‌കൂള്‍, സെന്‍റ്‌ അഗസ്‌റ്റിന്‍ സ്‌കൂള്‍, പാലക്കാട്‌ ചിറ്റൂര്‍ ഗവണ്‍മെന്‍റ്‌ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കോളേജില്‍ പ്രീഡിഗ്രി, ഡിഗ്രി തുടര്‍ന്ന്‌ സാമ്പത്തിക ശാസ്‌ത്രത്തില്‍ മാസ്‌റ്റര്‍ ബിരുദം എന്നിവ പൂര്‍ത്തിയാക്കി.

സിനിമയില്‍ സജീവമാകുന്നതിന് മുമ്പ്‌ അദ്ദേഹം ബാങ്ക്‌ ഉദ്യോഗസ്ഥനായും പത്രപ്രവര്‍ത്തകനായും ജോലി ചെയ്‌തു. ഏകദേശം 11 വര്‍ഷം കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചു. കേരള ടൈംസ്‌ പത്രത്തില്‍ സിനിമാ ഫീച്ചര്‍ എഴുത്തുകാരനായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി കാലം കുതല്‍ ആനുകാലികങ്ങളിലും മറ്റും എഴുതി തുടങ്ങിയ അദ്ദേഹം മാധ്യമ രംഗത്തും പ്രായോഗിക പരിശീലനം നേടിയിരുന്നു.

ഫിലിം സൊസൈറ്റി, സ്‌കൗട്ട്‌, ഗ്രന്ഥശാല എന്നീ പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. പഠനകാലത്ത്‌ ചില ഹ്രസ്വ ചിത്രങ്ങള്‍ക്കും ഡോക്യുമെന്‍ററികള്‍ക്കും പരസ്യങ്ങള്‍ക്കും വേണ്ടി അദ്ദേഹം രചന നിര്‍വഹിച്ചിരുന്നു. ഫോക്കസ്‌ എന്ന പേരില്‍ മലയാളത്തിലെ ആദ്യ ലിറ്റില്‍ മാഗസിന്‍ തുടങ്ങുന്നതും അദ്ദേഹമാണ്.

മലയാള സിനിമയില്‍ പ്രമുഖരായ ഭരതന്‍, ഐ.വി ശശി, ഭരത്‌ ഗോപി, മോഹന്‍, പിജി.വിശ്വഭരന്‍, സത്യന്‍ അന്തിക്കാട്‌ തുടങ്ങി നിരവധി പ്രമുഖരുടെ സിനിമകള്‍ക്ക്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. ഐവി ശശിയുടെ ഞാന്‍, ഞാന്‍ മാത്രം എന്ന സിനിമയ്‌ക്ക്‌ കഥ എഴുതിക്കൊണ്ടാണ് മലയാള സിനിമയിലേക്കുള്ള അദ്ദേഹത്തിന്‍റെ രംഗപ്രവേശനം. ഭരതന്‍റെ ചാമരത്തിന് വേണ്ടി തിരക്കഥ എഴുതി കൊണ്ട്‌ തിരക്കഥാ രചനയിലും അദ്ദേഹം തുടക്കമിട്ടു.

കഥയും, തിരക്കഥയുമായി സിനിമയില്‍ സജീവമായതോടെ അദ്ദേഹം ജോലി ഉപേക്ഷിച്ചു. 98 ചിത്രങ്ങള്‍ക്കായി അദ്ദേഹം രചന നിര്‍വഹിച്ചു. സിനിമയ്‌ക്കായി തൂലിക ചലിപ്പിച്ച അദ്ദേഹം സിനിമയില്‍ മുഖം കാണിക്കുകയും ചെയ്‌തു. ആഷിക്‌ അബുവിന്‍റെ ഗ്യാങ്‌സ്‌റ്റര്‍ (2014), ആന്‍റണി സോണി സെബാസ്‌റ്റ്യന്‍ 'സൈറാബാനു' (2017) എന്നീ സിനിമകളിലും അദ്ദേഹം വേഷമിട്ടു.

ജോണ്‍ പോള്‍-ഭരതന്‍ കൂട്ടുകെട്ട്‌: നിരവധി ഹിറ്റ്‌ സംവിധായകരുടെ ചിത്രങ്ങള്‍ക്ക്‌ വേണ്ടി ജോണ്‍ പോള്‍ കഥ എഴുതിയിട്ടുണ്ട്‌. അതില്‍ പ്രധാനം ഭരതന്‍, ഐവി ശശി, കമല്‍ എന്നീ സംവിധായകരാണ്. ഓര്‍മ്മയ്‌ക്കായി (1982), നീലക്കുറിഞ്ഞി പൂത്തപ്പോള്‍ (1987), ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടം (1987), ഒരു സായാഹ്നത്തിന്‍റെ സ്വപ്‌നം (1989), മാളൂട്ടി (1990), ചമയം (1993) എന്നിവയാണ് ജോണ്‍ പോള്‍-ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍.

ഞാന്‍ ഞാന്‍ മാത്രം (1978), ഇണ (1982), അതിരാത്രം (1984), കൂടണയും കാറ്റ്‌ (1986), വെള്ളത്തൂവല്‍ (2009) എന്നിവയാണ് ജോണ്‍ പോള്‍- ഐവി ശശി കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍. മിഴിനീര്‍പൂവുകള്‍ (1986), ഉണ്ണികളേ ഒരു കഥ പറയാം (1987), പ്രണയമീനുകളുടെ കടല്‍ (2019) എന്നിവയാണ് കമലുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള സിനിമകള്‍.

നിരവധി ഹിറ്റ്‌ സംവിധായകര്‍ക്കൊപ്പം അദ്ദേഹം തിരക്കഥ എഴുതിയ സിനിമകള്‍ പരിശോധിക്കാം. ഭരതന്‍ ചിത്രങ്ങള്‍ക്ക്‌ വേണ്ടിയാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ തിരക്കഥ രചിച്ചിട്ടുള്ളത്‌. ചാമരം (1980), ഓര്‍മ്മയ്‌ക്കായി (1982), മര്‍മ്മരം (1982), പാളങ്ങള്‍ (1982), സന്ധ്യ മയങ്ങും നേരം (1983), ഇത്തിരിപ്പൂവേ ചുവന്നപൂവേ (1984), കാതോട്‌ കാതോരം (1985), ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടം (1987), നീലക്കുറിഞ്ഞി പൂത്തപ്പോള്‍ (1987), ഒരു സായാഹ്നത്തിന്‍റെ സ്വപ്‌നം (1989), മാളൂട്ടി (1990), ചമയം (1993) എന്നിവയാണ് ഭരതന്‍- ജോണ്‍ പോള്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രങ്ങള്‍.

ഐവി ശശി ചിത്രങ്ങള്‍ക്ക്‌ വേണ്ടിയും അദ്ദേഹം തിരക്കഥ ഒരുക്കിയിട്ടുണ്ട്‌. ഇണ(1982), അതിരാത്രം (1984), കൂടണയും കാറ്റ്‌ (1986), ഭൂമിക (1991), വെള്ളത്തൂവല്‍ (2009) എന്നിവയാണ് ഐവി ശശി-ജോണ്‍ പോള്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ചിത്രങ്ങള്‍. സാഗരം ശാന്തം (1983), ഒന്നു ചിരിക്കു (1983), ഒന്നാണ് നമ്മള്‍ (1984), ഇവിടെ ഈ തീരത്ത്‌ (1985), ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍ (1985), ഈ തണലില്‍ ഇത്തിരി നേരം (1985), ഇതിലേ ഇനിയും വരു (1986), സൈമണ്‍ പീറ്റര്‍ നിനക്കു വേണ്ടി (1988) എന്നി പിജി വിശ്വംഭരന്‍ ചിത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്‌.

നിര്‍മാതാവിന്‍റെ വേഷവും അദ്ദേഹം അണിഞ്ഞിട്ടുണ്ട്‌. ജോണ്‍ പോള്‍ ആണ് എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്‌ത 'ഒരു ചെറുപുഞ്ചിരി'യുടെ നിര്‍മാണം. ദേശീയ-അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ഒരു ചെറുപുഞ്ചിരി സ്വന്തമാക്കിയിരുന്നു. മികച്ച തിരക്കഥാകൃത്തിനുള്ള നാനാ ഗാലപ്പ്‌ പോള്‍, കേരള ഫിലിം ക്രിട്ടിക്‌സ്‌ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.

കേരള ചലച്ചിത്ര സാങ്കേതിക കലാകാരന്‍മാരുടെ സംഘടനയായ മാക്‌ടയുടെ (MACTA) യുടെ സ്ഥാപക സെക്രട്ടറിയായിരുന്നു അദ്ദേഹം. എറണാകുളം ഫിലിം സൊസൈറ്റിയിലും അംഗമായിരുന്നു അദ്ദേഹം. സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ജൂറി അംഗം തുടങ്ങി ഒട്ടനവധി സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്‌.

സിനിമയ്‌ക്ക്‌ പുറമെ നിരവധി പുസ്‌തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്‌. സ്വസ്‌തി, കാലത്തിന് മുമ്പേ നടന്നവര്‍, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, എന്‍റെ ഭരതന്‍ തിരക്കഥകള്‍, ഒരു കടം കഥ പോലെ ഭരതന്‍, കഥയിതു വാസുദേവം, പരിചായകം: കാഴ്‌ചയും കഥയും, എം ടി ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം, പിജെ ആന്‍റണി തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. അദ്ദേഹം രചിച്ച എംടി ഒരു അനുയാത്രയ്‌ക്ക്‌ സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

Also Read: തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു

ABOUT THE AUTHOR

...view details