ഫീൽ ഗുഡ് സിനിമകൾ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന പേരുകളിലൊന്നാണ് സംവിധായകൻ ജിസ് ജോയ്‌യുടേത്. പുതിയ സിനിമയുമായി ജിസ് ജോയ് പ്രേക്ഷകരിലേക്ക് വീണ്ടും എത്തുകയാണ്. പതിവ് പോലെ ആസിഫ് അലി ചിത്രത്തിൽ മുഖ്യ വേഷത്തിലുണ്ട്. ജിസ് ജോയ് - ആസിഫ് അലി ഹിറ്റ് കോംബോയ്‌ക്ക് കൂട്ടായി ഇക്കുറി മലയാളികളുടെ പ്രിയ താരം ബിജു മേനോനുമുണ്ട് (Jis Joy new movie thalavan starring Asif Ali and Biju Menon).
ഇപ്പോഴിതാ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. തലവൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ടൈറ്റിൽ അനൗൺസ്‌മെന്‍റ് വീഡിയോ മികച്ച പ്രതികരണം നേടുകയാണ്.
അരുൺ നാരായൺ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഈ സിനിമയുടെ നിർമാണം. പൂർണ്ണമായും ത്രില്ലർ ജോണറിലാകും ജിസ് ജോയ് തലവൻ അണിയിച്ചൊരുക്കുക. പൊലീസ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയതെന്ന് ടൈറ്റിൽ അനൗൺസ്‌മെന്‍റ് വീഡിയോയിൽ നിന്നും വ്യക്തമാണ്.
ആസിഫ് അലിയും ബിജു മേനോനും ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥരായാണ് വേഷമിടുന്നത്. പൊലീസ് വകുപ്പിലെ അറിയപ്പെടാത്ത പല ദൂരൂഹതകളുടേയും മറനീക്കുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമായിരിക്കും തലവൻ എന്നാണ് സൂചന. ഉത്തരവാദിത്വമുള്ള പദവി വഹിക്കുന്ന രണ്ടു പേരുടെ ഔദ്യോഗിക ജീവിതത്തിലെ കിടമത്സരമാണ് ചിത്രത്തിൻ്റെ കഥാതന്തു.