ലോസ് ഏഞ്ചൽസ്:മൂന്നാം തവണയും ഓസ്‌കർ പുരസ്‌കാര ചടങ്ങ് അവതരിപ്പിച്ചതിൻ്റെ സന്തോഷത്തിലായിരുന്നു പ്രശസ്‌ത അവതാരകൻ ജിമ്മി കിമ്മൽ. എത്ര ഗൗരവമുള്ള കാര്യങ്ങളും തൻ്റെതായ രീതിയിൽ അതിൻ്റെ പ്രാധാന്യം നഷ്‌ടപ്പെടാതെ അവതരിപ്പിക്കാനും കൈകാര്യം ചെയ്യാനും ഉള്ള അദ്ദേഹത്തിൻ്റെ കഴിവാണ് ജിമ്മിയെ ലോകോത്തര നിലവാരമുള്ള അവതാരകനാക്കി മാറ്റിയത്. 2017, 2019 വർഷങ്ങളിൽ അക്കാദമി അവാർഡ് വേദി കൈകാര്യം ചെയ്‌തത് ജിമ്മി കിമ്മലാണ്. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച അവതാരകൻ ഇപ്പോൾ വിമർശനങ്ങൾക്കിരയായിരിക്കുന്നു.
ടോളിവുഡ് ബോളിവുഡായി:ഓസ്‌കർ വേദിയിൽ വച്ച് ഏറ്റവും മികച്ച ഒറിജിനൽ ഗാനത്തിനുള്ള അവാർഡ് നേടിയ ‘ആർആർആർ’ലെ നാട്ടു നാട്ടു ഗാനത്തിനൊത്ത് വേദിയിൽ ഡാന്‍സ് നടക്കുന്ന സമയത്താണ് അവതാരകൻ്റെ നാക്കുപിഴച്ചത്. വേദിയിൽ വച്ച് ‘ആർആർആർ’നെ ബോളിവുഡ് സിനിമ എന്നു വിശേഷിപ്പിക്കുകയായിരുന്നു ജിമ്മി. ഇന്ത്യയിൽ നിന്നുള്ള തെലുഗു സിനിമയായ ‘ആർആർആർ’നെ ബോളിവുഡ് സിനിമയായി വിശേഷിപ്പിച്ചതിൽ സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ജിമ്മി കിമ്മൽ.
സിനിമയുടെ ആരാധകരെല്ലാം തന്നെ ജിമ്മിയുടെ പരാമർശത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനമായി മാറിയിരിക്കുന്ന ആർആർആർ സിനിമയെ ബോളിവുഡ് സിനിമയെന്ന് വിശേഷിപ്പിച്ചതിലും, ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് സിനിമയാണെന്ന ധാരണക്കുമെതിരെയാണ് ആരാധകർ പ്രതികരിക്കുന്നത്. എത്ര അശ്രദ്ധമായാണ് അക്കാദമി കാര്യങ്ങൾ ചെയ്യുന്നത് എന്നാണ് ചിലർ ചോദ്യമുന്നയിക്കുന്നത്. ട്വീറ്റുകളും, പോസ്റ്റുകളുമായി ജിമ്മിയുടെ വീഡിയോ സോഷ്യൽ മീഡിയയും, മറ്റ് മാധ്യമങ്ങളും കീഴടക്കുകയാണ്. എന്നാൽ സംഭവത്തിൽ ജിമ്മിയുടെ ഭാഗത്തു നിന്നോ ആർആർആർ ടീമിൻ്റെ ഭാഗത്തു നിന്നോ യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടായിട്ടില്ല.