മുംബൈ: നടി ജിയ ഖാൻ ആത്മഹത്യ ചെയ്‌ത കേസിൽ ബോളിവുഡ് നടൻ സൂരജ് പഞ്ചോളിയെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. മരണം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.
തെളിവുകളുടെ അപര്യാപ്‌തത കാരണം സൂരജ് പഞ്ചോളി കുറ്റക്കാരനാണെന്ന് കോടതിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് നടനെതിരെയുള്ള ആത്മഹത്യ പ്രേരണക്കുറ്റം ഒഴിവാക്കിയത്. പ്രത്യേക സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കോടതി ജഡ്‌ജി എ എസ് സയ്യദിന്‍റേതാണ് വിധി.
കഴിഞ്ഞയാഴ്‌ച ഇരുവിഭാഗത്തിന്‍റെയും വിശദമായ വാദം കേട്ട് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബോളിവുഡിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ജിയ ഖാന്‍റെ ആത്മഹത്യ. നടിയുടെ മരണത്തിൽ സൂരജ് പഞ്ചോളിക്ക് ബന്ധമുണ്ടെന്ന് ജിയയുടെ അമ്മ റാബിയ ഖാൻ ആരോപിച്ചിരുന്നു. താരത്തിന്‍റേതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. ഇതിന് പിന്നാലെ സൂരജ് പഞ്ചോളിക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസ് എടുക്കുകയായിരുന്നു.
കേസ് ഇങ്ങനെ : അമേരിക്കൻ പൗരയായ ജിയയെ (25) 2013 ജൂൺ 3 ന് ജുഹുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ജൂൺ 10ന് താരം എഴുതിയതെന്ന് കരുതപ്പെടുന്ന ആറ് പേജുള്ള ആത്മഹത്യ കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സൂരജിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്‌തു. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 306 പ്രകാരം ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
സൂരജ് പഞ്ചോളി ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നതായി സിബിഐ അറിയിച്ചിരുന്നു. സെഷൻസ് കോടതിയിൽ നിന്നും 2021ൽ കേസ് പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റി. കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയായ ജിയയുടെ അമ്മ റാബിയ ഖാൻ ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കോടതിയിൽ അറിയിച്ചു.
സൂരജ് ജിയയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് റാബിയ സിബിഐ കോടതിയിൽ മൊഴി നൽകിയിരുന്നു. മകൾ ആത്മഹത്യ ചെയ്‌തതാണെന്ന് തെളിയിക്കാൻ പൊലീസോ സിബിഐയോ നിയമപരമായ തെളിവുകളൊന്നും ശേഖരിച്ചിട്ടില്ലെന്നും കേസിൽ കൂടുതൽ അന്വേഷണം വേണമെന്നും റാബിയ കോടതിയെ അറിയിച്ചിരുന്നു.
'എന്‍റെ മകൾ എങ്ങനെ മരിച്ചു':കേസില്‍ ആത്മഹത്യ പ്രേരണകുറ്റം ഒഴിവാക്കിയതോടെയാണ് നടൻ സൂരജ് പഞ്ചോളി കുറ്റവിമുക്തനായത്. എന്നാല്‍ എങ്ങനെ എന്‍റെ മകൾ മരിച്ചവെന്ന് അറിയണമെന്നും ഇത് കൊലപാതകമാണെന്നും പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ജിയ ഖാന്‍റെ അമ്മ റാബിയ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. സൂരജ് പഞോളിയെ കുറ്റവിമുക്തനാക്കിയെന്ന വിധി വന്ന ശേഷം മാധ്യമങ്ങളോടാണ് റാബിയ ഖാൻ ഇക്കാര്യം പറഞ്ഞത്.