മോഹൻലാൽ ആരാധകർ ഇന്ന് ഏറെ ആവേശത്തിലാണ്. തമിഴകത്തിന്‍റെ സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായി എത്തിയ 'ജയിലർ' തിയേറ്ററുകളില്‍ ഗംഭീര പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. ഈ ചിത്രത്തില്‍ മോഹൻലാൽ കാമിയോ റോളിലുണ്ട്. 'മാത്യു' എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. അത്യുഗ്രൻ വൻവരവേൽപ്പാണ് സിനിമാപ്രേമികൾ 'മാത്യു'വിന് നൽകി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലാലേട്ടൻ ആരാധകരുടെ ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരുന്ന ഒരു പ്രഖ്യാപനം എത്തിയിരിക്കുകയാണ്.
മോഹൻലാലിന്‍റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ടൈറ്റിൽ ഓഗസ്റ്റ് 12ന് ശനിയാഴ്‌ച പുറത്തുവിടുമെന്നാണ് അറിയിപ്പ്. ശനിയാഴ്‌ച വൈകുന്നേരം അഞ്ച് മണിക്കാകും അണിയറ പ്രവർത്തകർ ടൈറ്റില്‍ പുറത്തുവിടുക. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചു.
ആശിര്‍വാദ് സിനിമാസാണ് ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന്‍റെ നിർമാണം. ആശിര്‍വാദ് സിനിമാസിന്‍റെ 33-ാമത്തെ ചിത്രം കൂടിയാണിത്. ഈ മാസം തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം.
അതേസമയം കേരളത്തിൽ ഉൾപ്പടെ ജയിലർ തരംഗമാണ് അലയടിക്കുന്നത്. തിയേറ്ററുകളില്‍ മകച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. രജനികാന്തിന്‍റെ തന്നെ പഴയകാല കഥാപാത്രങ്ങളായ മുത്തുവിനെയും പാണ്ഡ്യനെയും ഓർമിപ്പിച്ചുകൊണ്ടാണ് 'ജയിലറും' രജനി അവതരിപ്പിക്കുന്ന 'ടൈഗർ മുത്തുവേൽ പാണ്ഡ്യനും' തിയേറ്ററുകൾ കീഴടക്കുന്നത്. 'ബീസ്റ്റി'ന്‍റെ സമ്മിശ്ര പ്രതികരണത്തിന് ശേഷം കരിയറിൽ വലിയ പ്രതിസന്ധി നേരിടുകയായിരുന്ന സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്‍റെ ശക്തമായ തിരിച്ചുവരവും വിമർശകർക്കുള്ള മറുപടിയുമാണ് 'ജയിലറി'ന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത.