മലയാളത്തില് ഹിറ്റുകൾ ഒരുക്കിയ പ്രിയ സംവിധായകൻ ജീത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്. 'ദി ബോഡി' എന്ന സിനിമയ്ക്ക് ശേഷമാണ് ജീത്തു ജോസഫ് പുതിയ ചിത്രവുമായി ബോളിവുഡ് സിനിമാലോകത്തേക്ക് കടന്നുചെല്ലുന്നത്. ആദ്യ ചിത്രത്തിന് സമാനമായി ത്രില്ലർ - ഡ്രാമ ജോണറിലുള്ള സിനിമയാണ് ജീത്തു ജോസഫ് ഇത്തവണ ഒരുക്കുന്നത് (Jeethu Joseph Bollywood movie).
ഋഷി കപൂർ, ഇമ്രാൻ ഹാഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു 'ദി ബോഡി'. 2019ൽ പുറത്തിറങ്ങിയ ഈ മിസ്റ്ററി ത്രില്ലർ ചിത്രത്തിൽ വേദിക, ശോഭിത ധൂലിപാല എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2012-ൽ റിലീസ് ചെയ്ത സ്പാനിഷ് ചിത്രമായ 'ദി ബോഡി'യുടെ ഔദ്യോഗിക റീമേക്കായിരുന്നു ഇത്. ഋഷി കപൂർ വേഷമിട്ട അവസാന ചിത്രം എന്ന പ്രത്യേകതയുമുണ്ട് 'ദി ബോഡിയ്ക്ക്'.
അതേസമയം ബോളിവുഡിലെ പ്രശസ്ത ചലച്ചിത്ര നിർമാണ സ്ഥാപനമായ ജംഗ്ലീപിക്ചേഴ്സും കോളിവുഡിലെ പ്രശസ്തമായ ക്ലൗഡ് 9 കമ്പനിയും സംയുക്തമായാണ് ജീത്തുവിന്റെ പുതിയ ചിത്രം നിർമിക്കുന്നത്. നാഷണൽ അവാർഡുകൾ ഉൾപ്പടെ കരസ്ഥമാക്കിയ ബറേലി കി ബർഫി, ബദായ് ഹോ സൽവാർ, ഡക്കാനോ ദോ തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങൾ നിർമിച്ച സ്ഥാപനമാണ് ജംഗ്ലീപിക്ചേഴ്സ്. അജിത്തിൻ്റെ മങ്കാത്ത ഉൾപ്പടെ നിരവധി തമിഴ് ചിത്രങ്ങളാണ് ക്ലൗഡ് - 9 ഇതിനോടകം നിർമിച്ചത്.
യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ലഭ്യമല്ല. അധികം വൈകാതെ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ജീത്തു അറിയിച്ചിട്ടുണ്ട്. നിലവിൽ മോഹൻലാൽ നായകനായ നേര് എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ജീത്തു ജോസഫ്.