എറണാകുളം : അല്ലു അർജുൻ നായകനായി എത്തിയ അല വൈകുണ്‌ഠപുരം ലോ എന്ന ചിത്രത്തിലെ ഗാനം സുരേഷ് ഗോപി തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ പാടിയ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ ആഴ്‌ചകൾക്ക് മുമ്പ് പുറത്തു വന്നിരുന്നു (Viral video of Suresh Gopi Samajavaragamana song). സാമനജവരഗമന എന്നു തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗം ആകുകയും ചെയ്യുകയുണ്ടായി. ഒപ്പം തന്നെ പാട്ടിന്‍റെ വരികള്‍ തെറ്റിച്ചു പാടിയതിന് ശക്തമായ ട്രോളുകളും സുരേഷ് ഗോപിക്ക് ഏറ്റുവാങ്ങേണ്ടി വന്നു (Suresh Gopi Telugu Song Samajavaragamana trolls).
എന്നാൽ ട്രോളുകളിലെ താരം ആരെന്ന് ചോദിച്ചാൽ, അത് ജയറാം ആണെന്ന് തന്നെ പറയേണ്ടി വരും (Jayaram Imitates Suresh Gopi). സുരേഷ് ഗോപിയുടെ ശൈലി അപ്പാടെ അനുകരിച്ച് തെറ്റിച്ചു പാടുന്ന ലിറിക്‌സ് ഭാഗം ഉള്‍പ്പടെ ഇൻസ്റ്റഗ്രാം റീലായി ജയറാം പങ്കുവച്ചു. സോഷ്യൽ മീഡിയ അത് ആഘോഷമാക്കുകയും ചെയ്‌തു. ഈ സംഭവവികാസങ്ങൾക്ക് ശേഷം ആദ്യമായാണ് ജയറാമും സുരേഷ് ഗോപിയും മലയാളം മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ശിവരാജ് കുമാറിന്‍റെ കന്നഡ ചിത്രം ഗോസ്റ്റിന്‍റെ പ്രമോഷന് എത്തിയപ്പോൾ ജയറാമിനോട് മാധ്യമപ്രവർത്തകർ ആ അനുകരണത്തെക്കുറിച്ച് ആരാഞ്ഞു.
ചിരിച്ചുകൊണ്ടാണ് ജയറാം മറുപടി പറഞ്ഞത്. 'സുരേഷ് ഗോപി അസ്സലായി പാടുന്ന ഒരാളാണ്. ഗാനം കേട്ടശേഷം അഭിനന്ദിക്കാനായി വിളിച്ചിരുന്നു' -ജയറാം പറഞ്ഞു. മകൻ കാളിദാസ് ജയറാമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായ സുരേഷ് ഗോപിയുടെ ഗാനം ജയറാമിന്‍റെ ശ്രദ്ധയിൽ പെടുത്തിയത്. സുരേഷ് ഗോപിയെ അഭിനന്ദിച്ച ശേഷമാണ് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങുന്ന ഗാനത്തിന്‍റെ ഭാഗം ഇമിറ്റേറ്റ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ജയറാം തീരുമാനിക്കുന്നത്. അതിനായി സുരേഷ് ഗോപിയെ വിളിച്ച് അനുവാദം ചോദിച്ചിരുന്നു.