ജയം രവി, നിത്യ മേനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി പുതിയ ചിത്രം. കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന 'കാതലിക്ക നേരമില്ലൈ' എന്ന ചിത്രത്തിലാണ് ഇവർ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമായി.
റൊമാന്റിക് ഡ്രാമയായി അണിയിച്ചൊരുക്കുന്ന ചിത്രം ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മുവീസാണ് നിർമിക്കുന്നത്. ലക്ഷ്മി രാമകൃഷ്ണനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. യോഗി ബാബു, ലാൽ, വിനോദിനി, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം പ്രശസ്ത ഗായകൻ മനോയും 'കാതലിക്ക നേരമില്ലൈ' സിനിമയിൽ വേറിട്ട കഥാപാത്രമായി എത്തുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ജയം രവിയും നിത്യ മേനനുമാണ് പോസ്റ്ററിൽ. മികച്ച റൊമാന്റിക് ചിത്രം തന്നെയാകും 'കാതലിക്ക നേരമില്ലൈ' എന്നുറപ്പ് തരുന്നതാണ് പോസ്റ്റർ.
ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൂടിയായ കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് 'കാതലിക്ക നേരമില്ലൈ'. 'വണക്കം ചെന്നൈ', 'കാളി', 'പേപ്പർ റോക്കറ്റ്' എന്നിവയാണ് കിരുത്തിഗ ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങൾ.
അതേസമയം 1964-ൽ പുറത്തിറങ്ങിയ ഒരു ക്ലാസിക് തമിഴ് സിനിമയുടെ പേര് കൂടിയാണ് 'കാതലിക്ക നേരമില്ലൈ'. മുത്തുറാം, നാഗേഷ്, ബാലയ്യ, രാജശ്രീ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. എന്നാൽ ഈ സിനിമയുമായി കിരുത്തിഗ ചിത്രത്തിന് ബന്ധമില്ലെന്നാണ് വിവരം.