തെന്നിന്ത്യയുടെ പ്രിയ താരം ജയം രവി (Jayam Ravi) നായകനായി പുതിയ ചിത്രം വരുന്നു. വെൽസ് ഫിലിം ഇന്‍റർനാഷണലിന്‍റെ (Vels Film International) ബാനറിൽ ഐഷാരി കെ ഗണേഷ് (Ishari K Ganesh) നിർമിക്കുന്ന പുതിയ ചിത്രവുമായാണ് താരം പ്രേക്ഷകർക്കരികിലേക്ക് എത്തുക. നിർമാതാക്കൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ജയം രവിയുമൊത്തുള്ള പുതിയ പ്രൊജക്‌ടിന്‍റെ പ്രഖ്യാപനം നടത്തിയത്.
'ജെനി' (Genie) എന്ന് പേരിട്ടിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം അർജുനൻ ജൂനിയറാണ് സംവിധാനം ചെയ്യുന്നത്. പ്രശസ്‌ത ചലച്ചിത്ര നിര്‍മാതാവ് മിഷ്‌കിന്‍റെ മുൻ അസോസിയേറ്റ് ആയിരുന്നു അർജുനൻ ജൂനിയർ. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിശദാംശങ്ങളോടെയാണ് നിർമാതാക്കൾ സിനിമയുടെ പേര് വെളിപ്പെടുത്തിയത്. വെൽസ് ഫിലിം ഇന്‍റർനാഷണലിന്‍റെ 25-ാമത്തെ ചിത്രം കൂടിയാണ് 'ജെനി'.
"ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്ന ഞങ്ങളുടെ പാൻ - ഇന്ത്യൻ നിർമാണം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്"- എന്ന് കുറിച്ചുകൊണ്ടാണ് വെൽസ് ഫിലിം ഇന്‍റർനാഷണൽ പോസ്റ്റർ പങ്കുവച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നട തുടങ്ങി ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം 100 കോടി രൂപ മുതൽ മുടക്കിൽ ആണ് ഒരുങ്ങുന്നത്.
വെങ്കട്ട് പ്രഭുവിന്‍റെ ദ്വിഭാഷാ ചിത്രമായ 'കസ്റ്റഡി'യില്‍ വേഷമിട്ട കൃതി ഷെട്ടി (Krithi Shetty), 'മാനാട്' എന്ന ഹിറ്റ് ചിത്രത്തിലെ നായികയായി തിളങ്ങിയ മലയാളി കൂടിയായ നടി കല്യാണി പ്രിയദർശൻ (Kalyani Priyadharshan), 'മോഡേൺ ലവ് ചെന്നൈ' എന്ന വെബ് സീരീസില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട നടി വാമിക ഗബ്ബി (Wamiqa Gabbi) എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് വെൽസ് ഫിലിംസ് ഇന്‍റർനാഷണലിന്‍റെ പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്.