മുംബൈ:ഒക്‌ടോബര്‍ 11ന് 80 വയസ് തികയുന്ന ബോളിവുഡിന്‍റെ ബിഗ്ബി അമിതാഭ് ബച്ചന്‍ 'കോന്‍ ബനേഗ ക്രോര്‍ പതി സീസണ്‍ 14'ന്‍റെ പ്രത്യേക എപ്പിസോഡില്‍ ഭാര്യയുടെ വെളിപ്പെടുത്തലില്‍ കണ്ണീരണിഞ്ഞു. പരിപാടിയുടെ പ്രത്യേക എപ്പിസോഡില്‍ ബച്ചനോടൊപ്പം ഹോട്ട് സീറ്റ് അലങ്കരിക്കാന്‍ പോകുന്നത് ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനുമാണ്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അഭിഷേക് ബച്ചന്‍റെ വരവോടുകൂടിയാണ് പരിപാടിയുടെ പ്രമോ വീഡിയോ ആരംഭിക്കുന്നത്. ശേഷം, 'ബന്ധം വച്ച് നോക്കുമ്പോള്‍ ഇനി വരാന്‍ പോകുന്ന വ്യക്തി എന്‍റെ അമ്മയാണെന്ന്' പറഞ്ഞ് ജയ ബച്ചനെ അഭിഷേക് പരിപാടിയിലേയ്‌ക്ക് ക്ഷണിക്കുന്നു. വെളുത്ത നിറമുള്ള എംബ്രോയ്‌ഡറി വസ്‌ത്രം ധരിച്ച് വരുന്ന ജയയേയും പ്രമോയില്‍ കാണാം.
അമിതാഭ് ബച്ചനും ജയ ബച്ചനും തമ്മില്‍ ആലിംഗനം ചെയ്യുന്നതും പരിപാടിക്ക് ഇരട്ടി മധുരം പകരുന്നു. ശേഷം, അടുത്ത പകുതിയില്‍ കണ്ണുനീര്‍ തുടയ്‌ക്കുന്ന ദമ്പതികളെയാണ് കാണുന്നത്. ഒരു ടൈം മെഷീന്‍ ഉണ്ടെങ്കില്‍ ഏത് കാലഘട്ടത്തിലേയ്‌ക്ക് കടന്നുചെല്ലാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ജയ ബിഗ്‌ബിയോട് ചോദിക്കുന്നു. തങ്ങളുടെ ബിഗ്ബി ചോദ്യത്തിന് എന്തുത്തരം പറയുമെന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
അലഹബാദില്‍ താന്‍ ജനിച്ചു വളര്‍ന്ന വീട് ഷോയില്‍ കാണിക്കുമ്പോള്‍ വികാരഭരിതനായി കണ്ണുകള്‍ തുടയ്‌ക്കുന്ന അമിതാഭ് ബച്ചന്‍റെ വീഡിയോ പ്രേക്ഷകരെയും കണ്ണീരിലാഴ്‌ത്തി. മറ്റൊരു പ്രമോ വീഡിയോയില്‍ മത്സരാര്‍ഥികളോട് ചോദ്യം ചോദിക്കുമ്പോള്‍ ഉടന്‍ സൈറന്‍ മുഴങ്ങുന്നത് കേള്‍ക്കാം. പരിപാടി അതിവേഗം അവസാനിച്ചോ എന്ന് ബിഗ്ബി ചോദിക്കുമ്പോള്‍ 'കഭി കഭി മേരെ ദില്‍മേ' എന്ന് തുടങ്ങുന്ന പ്രശസ്‌തമായ ഗാനത്തിന്‍റെ പശ്ചാത്തല സംഗീതത്തിന്‍റെ കൂടെ മകന്‍ അഭിഷേക് കടന്നുവരുന്നതും അച്ഛനെ ആലിംഗനം ചെയ്യുന്നതും കാണാം. കോന്‍ ബനേഗ ക്രോര്‍ പതിയുടെ ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന എപ്പിസോഡിനായും ബച്ചന്‍ കുടുംബത്തിന്‍റെ വിശേഷങ്ങളറിയാനുമുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍.