ഷാരൂഖ് ഖാന്‍ (Shah Rukh Khan) ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജവാൻ' (Jawan). തമിഴില്‍ ഹിറ്റുകൾ സമ്മാനിച്ച അറ്റ്ലിയുടെ (Atlee) സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് എന്നതിനാൽ ബോളിവുഡിനൊപ്പം തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെയാണ് 'ജവാൻ' റിലീസിനായി കാത്തിരിക്കുന്നത്. സെപ്റ്റംബർ ഏഴിന് ലോകമെമ്പാടുമായി ചിത്രം റിലീസ് ചെയ്യും.
ഇതിനിടെ 'ജവാന്‍റെ' നിർമാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് (Red Chillies Entertainment) സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഒരു ചിത്രം സിനിമ പ്രേമികള്‍ക്കിടയില്‍ ചൂടൻ ചര്‍ച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. നായകന് പുറമെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നയന്‍താരയുടെ (Nayanthara) പോസ്റ്റർ മാത്രമാണ് നിർമാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയത്. എന്നാലിപ്പോഴിതാ ചിത്രത്തിലെ അടുത്ത പോസ്റ്ററും പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നു എന്നതിന്‍റെ സൂചനയാണ് നിർമാതാക്കൾ നൽകിയിരിക്കുന്നത്.
ഒരു കഥാപാത്രത്തിന്‍റെ കണ്ണിന്‍റെ ചിത്രമാണ് റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 'അയാള്‍ നിങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്, അയാള്‍ക്ക് വേണ്ടി കാത്തിരിക്കുക', എന്ന് മാത്രമാണ് 'ജവാന്‍' എന്ന ഹാഷ് ടാഗിനൊപ്പം നിർമാതാക്കൾ കുറിച്ചത്. ഇതോടെ ആ കണ്ണുകൾ ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകർ.
ചൂടൻ ചർച്ചകൾക്ക് പിന്നാലെ വിജയ് സേതുപതിയാണ് (Vijay Sethupathi) ഇതെന്ന കണ്ടെത്തലുകളിലേക്കും ചിലർ എത്തിയിട്ടുണ്ട്. ഏതായാലും പൂർണമായ ചിത്രം പുറത്തെത്താനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നേരത്തെ ചിത്രത്തിന്‍റെ 2.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പ്രിവ്യൂ വീഡിയോയും അണിയറക്കാര്‍ പുറത്ത് വിട്ടിരുന്നു.
'പഠാന്‍' (Pathaan) എന്ന സിനിമ നല്‍കിയ വന്‍ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഷാരൂഖ് ഖാന്‍ ഇക്കുറി എത്തുന്നത്. നാലര വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിയേറ്ററുകളിലെത്തിയ 'പഠാന്‍' ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് 1050 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇപ്പോഴിതാ വിജയം ആവർത്തിക്കാൻ കിങ് ഖാന്‍റെ അടുത്ത ചിത്രം 'ജവാനും' റിലീസിന് ഒരുങ്ങുകയാണ്.
ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഷാരൂഖ് എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനെയും ഗ്യാങ്സ്റ്ററായ മകനെയുമാണ് താരം അവതരിപ്പിക്കുക എന്നാണ് വിവരം. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാകും എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് ജവാനിൽ നയന്‍താരയ്‌ക്ക്.
ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് 'ജവാൻ' റിലീസ് ചെയ്യുക. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ 2022 ജൂൺ രണ്ടിന് 'ജവാൻ' തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് സെപ്റ്റംബർ ഏഴിലേക്ക് റിലീസ് മാറ്റുകയായിരുന്നു. അതേസമയം റിലീസ് മാറ്റിവച്ചതിന്‍റെ കാരണങ്ങൾ അണിയറക്കാർ വ്യക്തമാക്കിയിരുന്നില്ല.
ദീപിക പദുക്കോൺ (Deepika Padukone) ജവാനിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സഞ്ജയ് ദത്തും ചിത്രത്തിൽ അതിഥി വേഷത്തിലുണ്ട്. പ്രിയാമണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദ്രോഗ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് (Anirudh) ആണ്. 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്' എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് ജവാനിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.