Good Luck Jerry trailer: ജാന്‍വി കപൂറിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ഥ് സെന്‍ഗുപ്‌ത സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഗുഡ് ലക്ക് ജെറി'. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ജാന്‍വി കപൂര്‍ തന്നെ ട്രെയിലര്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ജാന്‍വി കപൂറിന്‍റെ കഥാപാത്രത്തെയാണ് ട്രെയിലറില്‍ കാണാനാവുക.
Good Luck Jerry release: ഒരു കോമഡി ക്രൈം ചിത്രമായാണ് ഗുഡ് ലക്ക് ജെറി ഒരുങ്ങുന്നത്. പഞ്ചാബിലായിരുന്നു ചിത്രീകരണം. ജൂലൈ 29ന് 'ഗുഡ് ലക്ക് ജെറി റിലീസ് ചെയ്യും. ഡയറക്‌ട് ഒടിടി റിലീസായാണ് ചിത്രം പുറത്തിറങ്ങുക. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലാണ് സിനിമ സ്‌ട്രീം ചെയ്യുക.
തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം 'കൊലമാവ് കോകില'യുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. 'കൊലമാവ് കോകില'യില്‍ നയന്‍താരയാണ് നായികയായെത്തിയത്. 'ഗുഡ് ലക്ക് ജെറി'യില്‍ ജാന്‍വിയെ കൂടാതെ ദീപക്, മിത വസിഷ്‌ഠ്, നീരജ് സൂദ്, നിഷാന്ത് സിംഗ്, സഹില്‍ മെഹ്‌ത തുടങ്ങിയവരുമുണ്ട്. രംഗരാജന്‍ രമാഭദ്രനാണ് ഛായാഗ്രഹണം. ആനന്ദ് എല്‍.റായ് ആണ് നിര്‍മാണം.
Janhvi Kapoor upcoming movies: 'മിലി' ആണ് ജാന്‍വിയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. മലയാളത്തില്‍ ഏറെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ 'ഹെലന്‍റെ' റീമേക്കാണ് 'മിലി'. സിനിമ പൂര്‍ത്തിയായ വിവരം ജാന്‍വി കപൂര്‍ നേരത്തെ അറിയിച്ചിരുന്നു. അച്ഛന്‍ ബോണി കപൂറാണ് നിര്‍മാണം.
'വളരെ രസകരമായിരുന്നു അച്ഛന്‍ നിര്‍മിച്ച സിനിമയിലെ അഭിനയം. നിങ്ങള്‍ എടുക്കുന്ന ഓരോ ചിത്രത്തിനും നിങ്ങളുടെ ഹൃദയവും ആത്മാവും നല്‍കൂ എന്ന് പറയുമ്പോള്‍ എല്ലാവരും എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം. മാത്തുക്കുട്ടി സേവ്യര്‍ സര്‍, നിങ്ങളുടെ മാര്‍ഗ നിര്‍ദേശത്തിനും ക്ഷമയ്‌ക്കും നന്ദി. നോബിള്‍ തോമസിനും നന്ദി. നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നതായിരിക്കും അച്ഛാ മിലി' - ജാന്‍വി കപൂര്‍ പറഞ്ഞിരുന്നു.