മുംബൈ:ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളുമായി തിളങ്ങിനില്‍ക്കുന്ന താരസുന്ദരിമാരില്‍ ഒരാളാണ് ജാന്‍വി കപൂര്‍. ധടക് എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച താരത്തിന്‍റേതായി തുടര്‍ന്നും നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങി. അഭിനയപ്രാധാന്യമുളള റോളുകള്‍ക്കൊപ്പം തന്നെ ഗ്ലാമറസ് വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട് ജാന്‍വി. അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരപുത്രി വളരെ സെലക്‌ടീവായി മാത്രമാണ് സിനിമകള്‍ ചെയ്യാറുളളത്. നായികയായി വേഷമിട്ടതിന് പുറമെ കേന്ദ്രകഥാപാത്രമായി സിനിമകളില്‍ അഭിനയിച്ചും ജാന്‍വി കപൂര്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി.
തെന്നിന്ത്യയിൽ സജീവമാകാൻ ജാൻവി: ബോളിവുഡില്‍ സെന്‍സേഷനായ താരം നിലവില്‍ തെന്നിന്ത്യയിലും സജീവമാകാനുളള തയ്യാറെടുപ്പുകളിലാണ്. തെലുഗു സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന്‍റെ ആര്‍ആര്‍ആറിന് ശേഷമുളള എറ്റവും പുതിയ ചിത്രത്തില്‍ നായിക ജാന്‍വിയാണ്. കാത്തിരിപ്പിനൊടുവില്‍ താരപുത്രിയുടെ 26-ാം പിറന്നാള്‍ ദിനത്തില്‍ സിനിമയിലെ നടിയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. എന്‍ടിആര്‍ 30 എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജനത ഗരേജ് എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച കൊരട്ടല ശിവയാണ്. വെള്ളച്ചാട്ടത്തിന് സമീപമുളള പാറക്കെട്ടിന് മുകളില്‍ സാരി ലുക്കില്‍ ഇരിക്കുന്ന താരപുത്രിയേയാണ് പോസ്റ്ററില്‍ കാണിക്കുന്നത്.
ആദ്യ തെലുഗു ചിത്രത്തിന്‍റെ പോസ്റ്റര്‍ ജാന്‍വിയും തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 'അവസാനം ഇത് സംഭവിക്കുന്നു. എന്‍റെ ഫേവറൈറ്റ് ആക്‌ടറിനൊപ്പം അഭിനയിക്കുന്നതിനായി ഇനിയും കാത്തിരിക്കാനാവില്ല' എന്നാണ് താരപുത്രി പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ജാന്‍വിയെ സിനിമയിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ടുളള ട്വീറ്റുമായി ജൂനിയര്‍ എന്‍ടിആറും സോഷ്യല്‍ മീഡിയയില്‍ എത്തി. ജാന്‍വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുമാണ് എന്‍ടിആറിന്‍റെ ട്വീറ്റ് വന്നത്.