സമൂഹ മാധ്യമങ്ങളില്‍ സജീവമായ ബോളിവുഡ് താരമാണ് ജാന്‍വി കപൂര്‍. അഭിനയത്തിന് പുറമേ നൃത്തത്തിലും താല്‍പര്യമുള്ള താരം ഇന്‍സ്റ്റഗ്രാമില്‍ നൃത്തം അഭ്യസിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അന്താരാഷ്‌ട്ര നൃത്ത ദിനത്തോടനുബന്ധിച്ച് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
രണ്ട് വര്‍ഷം മുന്‍പ് കഥക് അഭ്യസിക്കുന്നതിനിടെ എടുത്ത വീഡിയോ ആണ് താരം ആരാധകര്‍ക്കായി പങ്കുവച്ചത്. ബോളിവുഡ് താരം രേഖയുടെ ഏറെ പ്രശസ്‌തമായ 'ഇന്‍ ആങ്കോം കി മസ്‌തി കേ' എന്ന ഗാനരംഗമാണ് ജാന്‍വി പുനരാവിഷ്‌കരിച്ചത്. മുന്‍പ് ഐശ്വര്യ റായ് അഭിനയിച്ച സലാം എന്ന ഗാനരംഗവും ജാന്‍വി പുനരാവിഷ്‌കരിച്ചിരുന്നു.
'രണ്ട് വര്‍ഷം മുന്‍പുള്ളത്, ആദ്യമായി (കഥകിലെ) ബൈഠക്കി ഭാവം ശ്രമിക്കുന്നു, അക്കാലം മിസ് ചെയ്യുന്നു (2 ദിവസം വൈകിയാണെങ്കിലും എല്ലാവർക്കും അന്താരാഷ്‌ട്ര നൃത്ത ദിന ആശംസകൾ!),' വീഡിയോ പങ്കുവച്ച് കൊണ്ട് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രശസ്‌ത സംവിധായകന്‍ കരണ്‍ ജോഹറിന്‍റെ ഡ്രീം പ്രൊജക്‌റ്റ് 'തക്‌ത്' എന്ന ചിത്രത്തിന് വേണ്ടിയാണ് ജാന്‍വി കഥക് പഠിക്കാന്‍ ആരംഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച ചിത്രം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഹൊറര്‍ കോമഡി ഡ്രാമയായ 'രൂഹി'യാണ് താരത്തിന്‍റെ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ആനന്ദ് എല്‍ റായിയുടെ 'ഗുഡ് ലക്ക് ജെറി', മലയാളം ചിത്രം ഹെലന്‍റെ ഹിന്ദി റിമേക്ക് 'മിലി' എന്നിവയാണ് ജാന്‍വിയുടേതായി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന ചിത്രങ്ങള്‍. വരുണ്‍ ധവാനുമൊത്ത് ഒന്നിക്കുന്ന 'ബവാല്‍' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങും പുരോഗമിക്കുകയാണ്. രാജ് കുമാര്‍ റാവുവിനൊപ്പം അഭിനയിക്കുന്ന 'മിസ്റ്റര്‍ ആന്‍ഡി മിസിസ് മാഹി'യും ഉടന്‍ തീയേറ്ററുകളിലെത്തും.
Also read: വെള്ളി നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ സുന്ദരിയായി ജാന്‍വി കപൂര്‍