മുംബൈ:ഇന്ത്യൻ സിനിമയെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച, ഇത്തവണത്തെ ഏറ്റവും മികച്ച ഒറിജിനൽ ഗാനത്തിനുള്ള 95-ാമത് അക്കാദമി അവാർഡ് സ്വന്തമാക്കിയ സിനിമയാണ് ‘ആർആർആർ’. സിനിമയിലെ പ്രധാന കഥാപാത്രമായ കൊമരം ഭീം എന്ന സ്വാതന്ത്ര്യ സമര സേനാനിയെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയെടുത്ത നടനാണ് ജൂനിയർ എൻടിആർ. സിനിമയിലെ അദ്ദേഹത്തിൻ്റെ കഥാപാത്രത്തെ ഇന്ത്യൻ ജനതയൊട്ടാകെ ഹൃദയം കൊണ്ട് സ്വീകരിച്ചിരുന്നു.
ജൂനിയര്‍ എന്‍ടിആറിന്‍റെ അടുത്ത സിനിമയിൽ താരത്തിന്‍റെ നായികയാകാൻ തെന്നിന്ത്യൻ സൂപ്പർ താരങ്ങളെല്ലാം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ആ അവസരം തനിക്ക് ലഭിച്ച സന്തോഷത്തിലാണ് ബോളിവുഡിലെ മിന്നും താരമായ ജാൻവി കപൂർ. ജൂനിയര്‍ എന്‍ടിആറിന്‍റെ അടുത്ത സിനിമ ‘എൻടിആർ 30’(താത്‌കാലികമായി സിനിമക്ക് നൽകിയിരിക്കുന്ന പേര്) കരസ്ഥമാക്കിയതു മുതൽ ഏറെ സന്തോഷത്തിലാണ് ജാൻവി കപൂർ.
ഒരു മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ്, തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻടിആറിനൊപ്പം ജോലി ചെയ്യുന്നതിനെക്കുറിച്ച് ജാൻവി കപൂർ മനസു തുറന്നത്. ഇത് തൻ്റെ വളരെക്കാലത്തെ സ്വപ്‌നമാണെന്നും, ‘മാൻ ഓഫ് ദി മാസ്സുമായി’ തിരശീല പങ്കിടുന്നത് ഒരു അഭിനേതാവെന്ന നിലയിൽ തനിക്ക് ഏറ്റവും വലിയ സന്തോഷമാണ് നൽകുന്നതെന്നും ജാൻവി പറഞ്ഞു. ഇങ്ങനെ ഒരു സിനിമ സംഭവിക്കാൻ താൻ അക്ഷരാർഥത്തിൽ ആഗ്രഹിച്ചിരുന്നുവെന്നും താരം പറഞ്ഞു.
‘എൻടിആർ 30’ : ‘എൻടിആർ 30’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൻ്റെ താരസുന്ദരിയുടെ തെലുഗു അരങ്ങേറ്റം. എൻടിആർ-30 യിലെ തൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജാൻവി തന്നെ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പങ്കുവച്ചിരുന്നു. ‘അവസാനം അത് സാധിച്ചു, എൻ്റെ പ്രിയപ്പെട്ട ജൂനിയർ എൻടിആറുമായുള്ള ഈ സാഹസിക ബോട്ട് യാത്രക്ക് ഞാൻ ഒരുങ്ങിക്കഴിഞ്ഞു’ എന്ന അടിക്കുറിപ്പും പങ്കുവച്ചുകൊണ്ടാണ് താരത്തിന്‍റെ പോസ്റ്റ് വന്നത്. പ്രക്ഷുബ്‌ധമായ കടൽക്കരയിൽ ഒരു പാറക്കു മുകളിലായി സാരി ധരിച്ച് മുടി അഴിച്ചിട്ട്, പിന്നിലോട്ട് മുഖം തിരിച്ച് ഇരിക്കുന്ന ജാൻവിയേയാണ് സിനിമയുടെ പോസ്റ്ററിൽ കാണിച്ചത്. പ്രക്ഷുബ്ധമായ ‘എൻടിആർ 30’ലെ സമാധാനത്തിൻ്റെ മരുപ്പച്ചയാണ് അവൾ എന്ന് ജാൻവിക്ക് ജന്മദിനാശംസകൾ നേർന്ന് എൻടിആർ ജൂനിയർ പറഞ്ഞു.
also read:100 കോടി ക്ലബ്ബില്‍ രണ്‍ബീര്‍ കപൂറിന്‍റെ തു ഝൂട്ടി മേം മക്കാര്‍; ഗുണം ചെയ്‌തത് പ്രൊമോഷന്‍ തന്ത്രങ്ങള്‍
ജനതാ ഗാരേജ് സംവിധായകന്‍ കൊരട്ടാല ശിവ: ജനതാ ഗാരേജ് ഒരുക്കിയ കൊരട്ടാല ശിവയാണ് ‘എൻടിആർ 30’ സംവിധാനം ചെയ്യുന്നത്. ‘എൻടിആർ 30’യിലെ സംഗീതം കൈകാര്യം ചെയ്യുന്നത് അനിരുദ്ധ് രവിചന്ദറും, ഛായാഗ്രഹണം ആർ രത്‌നവേലും, വിഷ്വൽ എഫക്‌റ്റുകളുടെ മേൽനോട്ടം സാബു സിറിൾ എന്നിവരും നിർവഹിക്കുന്നു. ശ്രീകർ പ്രസാദാണ് സിനിമയുടെ എഡിറ്റിങ്ങ് നിർവഹിക്കുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘ബവാൽ’ എന്ന ചിത്രത്തിൽ വരുൺ ധവാനൊപ്പമാണ് ജാൻവി അടുത്ത സിനിമയിൽ വേഷമിടുന്നത്. സ്‌പോർട്‌സ് ഡ്രാമ വിഭാഗത്തിൽ വരുന്ന സിനിമയായ ‘മിസ്റ്റർ ആൻഡ് മിസിസ് മാഹി’യാണ് ജാൻവിയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. രാജ്‌കുമാർ റാവുവാണ് സിനിമയിൽ നായകനായി എത്തുന്നത്.