നവ്യ നായരും (Navya Nair) സൈജു കുറുപ്പും (Saiju Kurup) കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ജാനകി ജാനേ' (Janaki Jaane) പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക്. സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജാനകി ജാനേ' ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 11 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ (Disney+ Hotstar) ചിത്രം സ്‌ട്രീമിങ് ആരംഭിക്കും.
അനീഷ് ഉപാസന (Aneesh Upasana) രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് സൈജു കുറുപ്പും നവ്യ നായരും കാഴ്‌ചവച്ചത്. എസ്. ക്യൂബ് ഫിലിം ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമിച്ച 'ജാനകി ജാനെ' തിയേറ്ററുകളിൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു.
പ്രസ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോൺട്രാക്‌ടർ ഉണ്ണി മുകുന്ദന്‍റെയും കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളാണ് 'ജാനകി ജാനേ' എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. കാറളം ഗ്രാമത്തിലെ ഒരു പ്രിന്‍റിംഗ് പ്രസ് ജീവനക്കാരിയാണ് 'ജാനകി'. ഇവരുടെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം പിന്നീട് ജീവിതത്തിലുടനീളം വേട്ടയാടുന്നതാണ് ചിത്രം പറയുന്നത്.
പിഡബ്ള്യൂഡി സബ് കോൺട്രാക്‌ടറായ 'ഉണ്ണി' അവൾക്ക് കൂട്ടായി അവളുടെ ജീവിതത്തിലേക്കു കടന്നുവരുന്നതും പിന്നീടവർ വിവാഹിതരാവുന്നതുമെല്ലാം ചിത്രം പറയുന്നുണ്ട്. എന്നാല്‍ വിവാഹ ജീവിതത്തിലും ആ സംഭവം ആവർത്തിക്കപ്പെടുകയാണ്. എന്നാൽ ഈ സംഘർഷങ്ങളെല്ലാം തികച്ചും നർമത്തിന്‍റെ മേമ്പൊടി ചാലിച്ചാണ് സംവിധായകൻ പറഞ്ഞു വയ്‌ക്കുന്നത്.
പ്രണയവും, നർമവും ഹൃദയ സ്‌പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണ് 'ജാനകി ജാനേ' എന്ന് നിസംശയം പറയാം. ജാനകിയായി നവ്യ നായർ മികച്ച പ്രകടനം കാഴ്‌ചവച്ചപ്പോൾ 'ഉണ്ണി' എന്ന കഥാപാത്രം സൈജു കുറുപ്പും ഗംഭീരമാക്കി. ഇവരുടെ മികച്ച പ്രകടനങ്ങൾക്കൊപ്പം ഷറഫുദ്ദീൻ, ജോണി ആന്‍റണി, കോട്ടയം നസീർ, അനാർക്കലി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. കൂടാതെ ജെയിംസ് ഏലിയ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ഷൈലജ കൊട്ടാരക്കര, സതി പ്രേംജി, അൻവർ ഷെരീഫ്, വിദ്യാ വിജയകുമാർ എന്നിവരും ചിത്രത്തിലുണ്ട്.
മനു അശോകൻ സംവിധാനം ചെയ്‌ത ഏറെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ 'ഉയരേ' എന്ന ചിത്രത്തിന് ശേഷം എസ് ക്യൂബ് ഫിലിംസ് നിർമിച്ച ചിത്രമാണ് 'ജാനകി ജാനേ'. പി.വി. ഗംഗാധരൻ ആണ് ചിത്രം അവതരിപ്പിച്ചത്. ശ്യാമപ്രകാശ് എം.എസ് ആണ് ചിത്രത്തിനായി കാമറ ചലിപ്പിച്ചത്. നൗഫൽ അബ്‌ദുള്ള ചിത്രത്തിന്‍റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കൈലാസ് മേനോന്‍ ആണ് ചിത്രത്തിലെ ഗീനങ്ങൾക്ക് സംഗീതം പകർന്നത്. സിനിമയിലെ പാട്ടുകളെല്ലാം തന്നെ പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു.
READ ALSO:'ജാനകി ജാനേയും സിനിമ തന്നെയാണ്, പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം': '2018' ടീമിനും തിയേറ്റര്‍ ഉടമകള്‍ക്കും സംവിധായകന്‍റെ തുറന്ന കത്ത്