കോർട്ട് റൂം പശ്ചാത്തലമാക്കി ഒരുക്കിയ ആക്ഷേപ ഹാസ്യ ചിത്രം 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' (Jaladhara Pumpset Since 1962) പ്രേക്ഷകർക്കരികിലേക്ക്. ഇന്ദ്രൻസ്, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നാളെ (ഓഗസ്റ്റ് 11) തിയേറ്ററുകളിലെത്തും. ആഷിഷ് ചിന്നപ്പയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്.
സാഗർ, സനുഷ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്‌ണു ഗോവിന്ദൻ, നിഷ സാരംഗ്, അഞ്ജലി സുനിൽ കുമാർ, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അണിനിരക്കുന്നു. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്‍റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്‍റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് 'ജലധാര പമ്പ് സെറ്റ് സിൻസ് 1962'.
സനു കെ ചന്ദ്രന്‍റെ കഥയ്‌ക്ക് സംവിധായകൻ ആഷിഷ് ചിന്നപ്പയും ഒപ്പം പ്രജിൻ എം പിയും ചേർന്നാണ് തിരക്കഥ രചിച്ചത്. സജിത്ത് പുരുഷൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. രതിൻ രാധാകൃഷ്‌ണൻ ആണ് എഡിറ്റർ. ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിരുടെ വരികൾക്ക് കൈലാസ് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയതും കൈലാസ് തന്നെയാണ്.