അടുത്തിടെയാണ് ഉർവശി (Urvashi), ഇന്ദ്രൻസ് (Indrans) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ (Ashish Chinnappa) സംവിധാനം ചെയ്‌ത 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' (Jaladhara Pumpset Since 1962) എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. തെന്നിന്ത്യയൊട്ടാകെ സൂപ്പർ സ്റ്റാർ രജനിയുടെ 'ജയിലർ' ചിത്രത്തിന്‍റെ അലയൊലികൾ നിറഞ്ഞ് നിൽക്കുമ്പോൾ തന്നെയാണ് ഈ ചിത്രവും തിയേറ്ററുകളില്‍ എത്തിയത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ കൂടുതൽ കാഴ്‌ചക്കാരെ 'ജലധാര പമ്പ് സെറ്റ്' സ്വന്തമാക്കുന്നുണ്ടെങ്കിലും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ സാഗർ ആർ ഫേസ്‌ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.
രജനികാന്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘ജയിലറി’ന് മുന്നിൽ സ്വന്തം ചിത്രമായ ‘ജലധാര പമ്പ് സെറ്റ്’ വിറങ്ങലിച്ച്, മെല്ലെ മെല്ലെ കയറിവരാൻ ശ്രമിക്കുകയാണെന്നാണ് സാഗർ ആർ. പറയുന്നത്. ഈ സിനിമയുടെ സഹ നിർമാതാവ് കൂടിയാണ് സാഗർ. 'നല്ല പ്രായത്തിൽ സിനിമയിൽ എത്തി, ഇപ്പോൾ നരവീണ് തുടങ്ങിയപ്പോഴാണ് ഒരു മുഴുനീളൻ കഥാപാത്രം ചെയ്‌തതും അത് തിയേറ്ററിൽ എത്തിയതും. ഒരു കലാകാരൻ എന്ന രീതിയിൽ നമുക്ക് സന്തോഷം തരുന്നത് നമ്മൾ ചെയ്‌ത സിനിമ ആളുകൾ കാണുമ്പോഴും അതിന്‍റെ അഭിപ്രായം കേൾക്കുമ്പോഴുമാണ്. അതിനുവേണ്ടി കാത്തിരിപ്പ് ഇനിയും തുടരണം എന്നാണോ?' - സാഗർ ചോദിക്കുന്നു.
'ജലധാര പമ്പ് സെറ്റ് സിൻസ് 1962' തിയേറ്ററിൽ കയറി കണ്ടാൽ ഈ ചിത്രം ഓടുമെന്ന് പ്രേക്ഷകരോട് അഭ്യർഥിച്ചുകൊണ്ടാണ് സാഗർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സാഗർ ആറിന്‍റെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
'ഞാൻ ആരാധിച്ച എന്‍റെ സൂപ്പർ താരത്തിന്‍റെ (രജനികാന്ത്) സിനിമയുടെ മുന്നിൽ തന്നെ താരം ആകാൻ ആഗ്രഹിച്ച എന്‍റെ സിനിമ വിറങ്ങലിച്ച് മെല്ലെ മെല്ലെ കയറി വരാൻ ശ്രമിക്കുന്നു. എന്‍റെ 15 വർഷത്തെ കഷ്‌ടപ്പാടിന് ആശ്വാസം ആകും എന്ന് കരുതിയ എന്‍റെ സിനിമ "ജലധാര പമ്പ് സെറ്റ്''.... 2 വർഷമായി വേറൊന്നിനെ കുറിച്ചും ഞാൻ ചിന്തിച്ചിട്ടില്ല. നമ്മുടെ ഫിലിം തിയേറ്ററിൽ കൊണ്ട് വരണം എന്നുമാത്രമായിരുന്നു ചിന്ത.നമ്മുടെ ഫിലിം ജലാധര പമ്പ് സെറ്റ് ഈ ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ എത്തി.....പക്ഷേ....!!!!!!!!
നീ രക്ഷപ്പെടുമെടാ എന്ന വാക്കായിരുന്നു എൻ്റെ ശ്വാസവും, വിശ്വാസവും. അതിനെ ധ്യാനിച്ചാണ് കടന്നുപോയ 15 വർഷവും ഞാൻ ഓരോ ചുവടും വച്ചത്. സിനിമാ സ്വപ്‌നങ്ങളുമായി മുൻപിലെത്തിയ 21കാരനെ അന്ന് കൈ പിടിച്ച് ഒപ്പം കൂട്ടി എൻ്റെ ഗുരു ലെനിൻ രാജേന്ദ്രൻ. പകർന്നുകിട്ടിയതെല്ലാം വെളിച്ചമായി. എന്തിനും ഏതിനും നീ മതിയെടാ എന്ന് പറഞ്ഞ് കൈപിടിച്ചു , തലതൊട്ടപ്പനായി ഗുരുത്വവും അനുഗ്രഹങ്ങളും ആവോളം തന്നു.
എന്നാൽ എനിയ്‌ക്കും ഒരു കാരണവരുണ്ടെന്ന ഊറ്റത്തിൽ ഞാൻ കെട്ടിപ്പൊക്കിയ പ്രതീക്ഷകളെല്ലാം അന്ന് പ്രിയ ഗുരു ലെനിൻ സാറിൻ്റെ അകാല വിയോഗത്തോടെ തകർന്നടിഞ്ഞു. ആത്മവിശ്വാസത്തോടെ മുന്നോട്ട് വച്ച അടികൾ അതിലും വേഗത്തിൽ തിരിച്ചുവയ്‌ക്കേണ്ടി വന്നു പലപ്പോഴും. അഭിനയിച്ച സിനിമകൾ പലതും പെട്ടിയിലായി. പുറത്തുവന്നവയിലൊന്നും ഞാനെന്ന നടനെ തിരിച്ചറിഞ്ഞില്ല.