ചെന്നൈ :ലൈക്ക പ്രൊഡക്ഷൻസുമായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങി സൂപ്പർസ്റ്റാർ രജനികാന്ത്. വ്യാഴാഴ്‌ചയാണ് തൻ്റെ 170-ാം ചിത്രത്തിനായി രജനികാന്ത് ലൈക്കയുമായി ഒന്നിക്കുന്ന വിവരം പുറത്തുവന്നത്. ലൈക്ക പ്രൊഡക്ഷൻസിൻ്റെ സ്ഥാപകൻ സുബാസ്‌കരൻ അല്ലിരാജയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപനം നടത്തിയത്.
നിലവിൽ പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സൃഷ്‌ടിയായ ജയ് ഭീം സംവിധാനം ചെയ്‌ത ടിജെ ജ്ഞാനവേൽ ആയിരിക്കും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അനിരുദ്ധ് സംഗീതം നൽകുന്ന സിനിമ നിർമ്മിക്കുന്നത് സുബാസ്‌കരനാണ്.
'ഏറെ നിരൂപക പ്രശംസ നേടിയ ടിജെ ജ്ഞാനവേലിൻ്റെ സംവിധാനത്തിൽ, റോക്ക്സ്റ്റാർ അനിരുദ്ധ് സംഗീതം നൽകുന്ന, സൂപ്പർസ്റ്റാർ രജനികാന്തുമായുള്ള ഞങ്ങളുടെ അടുത്ത ചിത്രം തലൈവർ 170 പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്' - ലൈക്ക പ്രൊഡക്ഷൻസ് ട്വിറ്ററിൽ കുറിച്ചു. നിർമ്മാതാവ് ജികെഎം തമിഴ് കുമാരൻ്റെ നേതൃത്വത്തിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നും 2024 ൽ സിനിമ പ്രദർശനത്തിനെത്തുമെന്നും നിർമ്മാതാക്കൾ പ്രസ്‌താവനയിൽ പറഞ്ഞു.
'നിരവധി വിജയകരമായ പ്രൊജക്റ്റുകൾക്ക് ശേഷം ഒരിക്കൽ കൂടി 'തലൈവർ' രജനികാന്തുമായി ഒന്നിക്കുന്നതിൽ ലൈക്ക ഗ്രൂപ്പിന് അങ്ങേയറ്റം സന്തോഷവും അഭിമാനവുമുണ്ട്. എല്ലാവരുടെയും അനുഗ്രഹങ്ങളോടും ആശംസകളോടും കൂടി, എല്ലാ ആരാധകരെയും സന്തോഷിപ്പിക്കുന്ന വിധത്തിൽ ഈ സിനിമ ഉന്നതിയിലെത്തുമെന്ന് ഞങ്ങൾ ആത്മാർഥമായി വിശ്വസിക്കുന്നു' - ലൈക്ക പ്രൊഡക്ഷൻസ് കൂട്ടിച്ചേർത്തു. എന്തിരന്‍ 2.0, ദർബാർ എന്നിവയാണ് ലൈക്ക പ്രൊഡക്ഷൻ ഹൗസുമായി ചേര്‍ന്നുള്ള രജനികാന്തിൻ്റെ മുൻ പ്രൊജക്‌ടുകൾ.