മുംബൈ:സ്‌ത്രീകൾ ഓരോ കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും നട്ടെല്ലാണെന്നും ഇത് ലോകമെമ്പാടുമുള്ള ആളുകൾക്ക് മുന്നില്‍ വിളിച്ചുപറയാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും പ്രശസ്‌ത നടി റാണി മുഖർജി. ഹിന്ദി സിനിമയിൽ സ്‌ത്രീകളെ കൃത്യമായി പ്രതിനിധീകരിക്കുന്നതുമായി ബന്ധപ്പെട്ട തന്‍റെ കാഴ്‌ചപ്പാട് പങ്കുവയ്‌ക്കുകയായിരുന്നു റാണി മുഖർജി.
"ഒരു അഭിനേതാവെന്ന നിലയിൽ, സിനിമയോടും അവതരിപ്പിക്കുന്ന വേഷങ്ങളോടും ഉള്ള നിങ്ങളുടെ കാഴ്‌ചപ്പാട് നിരന്തരം മാറിക്കൊണ്ടിരിക്കും. പക്ഷേ സ്‌ക്രീനിൽ സ്‌ത്രീകളെ അവതരിപ്പിക്കാനും പ്രതിനിധീകരിക്കാനും ഞാൻ ആഗ്രഹിച്ച രീതി എന്നെ സംബന്ധിച്ചിടത്തോളം സ്ഥിരമായി നിലനിൽക്കുന്ന ഒരു കാര്യമാണ്- റാണി പറഞ്ഞു.
സ്‌ത്രീകൾ ഒരോ കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയാകെയും നട്ടെല്ലാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ ഇക്കാര്യം എന്‍റെ രാജ്യത്തെയും ലോകത്തെയും കഴിയുന്നത്ര ആളുകളോട് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു, റാണി കൂട്ടിച്ചേർത്തു. സിനിമയോട് ആളുകളുടെ മനസിൽ എന്നും ഒരു മതിപ്പ് ഉണ്ടാകുമെന്നും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ പോലും ചർച്ചകൾക്ക് തുടക്കമിടാനുള്ള വളരെ ശക്തമായ ഒരു ഉപകരണമാണിതെന്നും റാണി ചൂണ്ടിക്കാട്ടി.
''എന്‍റെ കരിയറിന്‍റെ തുടക്കത്തിൽ തന്നെ സ്‌ത്രീകളെ സ്‌ക്രീനിൽ പ്രൊജക്റ്റ് ചെയ്യുന്ന രീതിയിൽ ഒരു യഥാർഥ മാറ്റം വരുത്താനാകുമെന്ന് എനിക്ക് ബോധമുണ്ടായിരുന്നു. അത് പോസിറ്റീവ് ആയിരിക്കാം-” റാണി പറഞ്ഞു. സ്വതന്ത്രരും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്നവരുമായ പെൺകുട്ടികളെയാണ് താന്‍ സിനിമയില്‍ കാണാൻ ഇഷ്‌ടപ്പെടുന്നതെന്ന ആഗ്രഹവും റാണി പങ്കുവച്ചു.
സിനിമയുടെ ഇതിവൃത്തത്തിൽ പെൺകുട്ടികളും നിർണായകമാകുന്ന, അവരെ അന്തസ്സോടെയും ആത്മാഭിമാനത്തോടെയും അവതരിപ്പിക്കുന്ന സിനിമകൾ തിരഞ്ഞെടുക്കുന്നതിന് താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി വ്യക്തമാക്കിയ റാണി തന്നെ സംബന്ധിച്ചിടത്തോളം, സ്‌ത്രീകൾ എല്ലായ്‌പ്പോഴും മാറ്റത്തിന്‍റെ ഏജന്‍റുമാരാണെന്നും പറഞ്ഞു. ''അവർ സ്വതന്ത്രരും ധൈര്യശാലികളും കരുതലുള്ളവരും സ്വപ്‌നങ്ങൾ പിന്തുടരുന്നവരുമാണ്. നിങ്ങൾക്ക് കണ്ടെത്താനാകുന്ന ഏറ്റവും മികച്ച മൾട്ടിടാസ്‌കറുമാണ് അവർ. ഇക്കാര്യത്തെ പ്രതിധ്വനിപ്പിക്കുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് ഈ വശങ്ങളെയെല്ലാം തുറന്നുകാട്ടാന്‍ ഞാൻ ആഗ്രഹിച്ചു''- റാണി കൂട്ടിച്ചേർത്തു.
'ബ്ലാക്ക്, വീർ സാര, മർദാനി സീരീസ്, യുവ, നോ വൺ കിൽഡ് ജെസീക്ക, ഹിച്ച്കി', കൂടാതെ തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മിസിസ് ചാറ്റർജി വേഴ്‌സസ് നോർവേ' തുടങ്ങിയ, താൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ആ സിനിമയില്‍ നിർണായകമായിരുന്നു എന്നും റാണി പറഞ്ഞു.
'വലിയ' താരങ്ങളുടെ ചലച്ചിത്രങ്ങള്‍ പോലും ബോക്‌സോഫിസില്‍ തകര്‍ന്ന് തരിപ്പണമായപ്പോൾ വന്‍ വിജയമായി മാറിയ ചിത്രമായിരുന്നു റാണി മുഖർജിയുടെ ഏറ്റവും ഒടുവിലത്തെ റിലീസായ 'മിസിസ് ചാറ്റർജി വേഴ്‌സസ് നോർവേ'. ഒരു ഇടവേളയ്‌ക്ക് ശേഷം റാണി മുഖർജി ബിഗ് സ്ക്രീനിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ഒരമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.
ഭർത്താവും ഒരു രാജ്യംതന്നെയും സ്വന്തം മക്കളെ തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ ഒരമ്മ നടത്തിയ പോരാട്ടവും ചെറുത്തു നില്‍പ്പുമായിരുന്നു 'മിസിസ് ചാറ്റർജി വേഴ്‌സസ് നോർവേ'യുടെ ഇതിവൃത്തം. "എംസിവിഎൻ (മിസിസ് ചാറ്റർജി വേഴ്‌സസ് നോർവേ) ഇന്ന് ഹിറ്റായത് ഇതുപോലെയുള്ള ശക്തരായ സ്‌ത്രീ കഥാപാത്രങ്ങളെ ബിഗ് സ്‌ക്രീനിൽ കാണാൻ ആളുകൾ ആഗ്രഹിക്കുന്നു എന്നതിന്‍റെ തെളിവാണ്, റാണി പറയുന്നു.
"നിർമാതാക്കൾ അതിൽ നിന്ന് പണം സമ്പാദിക്കുമ്പോഴാണ് ഒരു സിനിമ ഹിറ്റാകുന്നത്. ബോക്‌സോഫിസിൽ സിനിമ എത്രമാത്രം കലക്ഷൻ നേടുന്നു എന്നത് മാത്രമല്ല സിനിമയുടെ വിജയത്തെ അളക്കുന്നത്. സിനിമയുടെ ചിലവും കണക്കിലെടുക്കണം", അവർ കൂട്ടിച്ചേർത്തു. "ഹിറ്റ് എന്നാൽ എന്താണ് എന്നതിനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. ഒരു നല്ല സിനിമ എല്ലായ്‌പ്പോഴും ആളുകളെ തിയേറ്ററുകളിൽ എത്തിക്കും. അവിടെ ലിംഗഭേദത്തിനോ കേന്ദ്ര കഥാപാത്രം സ്‌ത്രീയോ പുരുഷനോ എന്നിങ്ങനെയുള്ള കാര്യങ്ങൾക്കോ യാതൊരു പങ്കുമില്ല, റാണി മുഖർജി വ്യക്തമാക്കി.