തെന്നിന്ത്യയുടെ പ്രിയ താരങ്ങളായ ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് 'ഇരൈവൻ'. ഐ അഹമ്മദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 25ന് തിയേറ്ററുകളിൽ റിലീസിനെത്താൻ ഒരുങ്ങുകയാണ്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് (Sree Gokulam Movies Acquired Iraivan Kerala Distribution Rights).
റെക്കോഡ് തുകയ്‌ക്കാണ് 'ഇരൈവ'ന്‍റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനായി ഗോകുലം ഗോപാലൻ സ്വന്തമാക്കിയത്. ജയം രവിയുടെ ക്രൈം ത്രില്ലർ ചിത്രമാണ് 'ഇരൈവനെ'ന്നും ചിത്രത്തിനായി വമ്പൻ വരവേൽപ്പാണ് തങ്ങൾ ഒരുക്കുന്നതെന്നും ശ്രീ ഗോകുലം മൂവീസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി പറയുന്നു (Iraivan Movie Coming).
ഇതുവരെ ജയം രവി നായകനായി കേരളത്തിൽ എത്തിയിട്ടുള്ള ചിത്രങ്ങളെക്കാൾ റെക്കോഡ് തുകയ്‌ക്കാണ് ഇരൈവൻ തങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. 'പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിന് ശേഷം ജയം രവിയുമായി ഞങ്ങൾ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ ട്രെയിലർ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്' - കൃഷ്‌ണമൂർത്തി വ്യക്തമാക്കി. കേരളത്തിലെ ചിത്രത്തിന്‍റെ ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ ഡ്രീം ബിഗ് ഫിലിംസാണ്.
പാഷൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. മണിരത്നം അണിയിച്ചൊരുക്കിയ 'പൊന്നിയിൻ സെൽവൻ 2' എന്ന ചിത്രത്തിന്‍റെ വമ്പൻ വിജയത്തിന് ശേഷം തിയേറ്ററിൽ റിലീസിനെത്തുന്ന ജയം രവി സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് 'ഇരൈവന്'. 'ജവാന്‍റെ' വിജയത്തിളക്കത്തിൽ നിൽക്കുന്ന നയൻതാരയുടെ തകർപ്പൻ പ്രകടനത്തിനായും ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.