ഹൈദരാബാദ്:ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്രോത്സവമായ കാന്‍ ഫിലിം ഫെസ്‌റ്റിവലിലേക്ക് കണ്ണുംനട്ട് ഇന്ത്യൻ സിനിമ ലോകവും ആരാധകരും. ലോകമെമ്പാടുമുള്ള സിനിമ താരങ്ങളും പ്രവര്‍ത്തകരും ഒരുമിക്കുന്ന ഫിലിം ഫെസ്റ്റിവലിന്‍റെ 76-ാമത് എഡിഷനിൽ ഭാഗമാവുന്നത് നിരവധി ഇന്ത്യൻ താരങ്ങളാണ്. കൂടാതെ ഇന്ത്യൻ ചിത്രങ്ങളും വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശനത്തിനുണ്ട്.
അനുരാഗ് കശ്യപിന്‍റെ 'കെന്നഡി', കാനു ബെഹലിന്‍റെ 'ആഗ്ര', യുധാജിത് ബസുവിന്‍റെ 'നെഹെമിച്ച്', അരിബാം ശ്യാം ശർമയുടെ 'ഇഷാനോ' എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യൻ സിനിമകൾ. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 'ആഗ്ര' ഡയറക്‌ടേഴ്‌സ് ഫോർട്ട്‌നൈറ്റ് വിഭാഗത്തിലും 'കെന്നഡി', 'നെഹെമിച്ച്', മണിപ്പൂരി ചിത്രം 'ഇഷാനോ' എന്നിവ യഥാക്രമം മിഡ്‌നൈറ്റ് സ്‌ക്രീനിംഗ്, ലാ സിനിഫ്, കാൻസ് ക്ലാസിക്കുകൾ എന്നി വിഭാഗങ്ങളിലുമാണ് പ്രദര്‍ശിപ്പിക്കുക.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകനാണ് ഈ വർഷം കാനിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. ഓസ്‌കർ ജേതാവ് ഗുണീത് മോംഗ, നടിയും മുൻ ലോകസുന്ദരിയുമായ മാനുഷി ചില്ലർ, അഭിനേതാക്കളായ ഇഷാ ഗുപ്‌ത, കങ്കബാം തോംബ എന്നിവർ പ്രതിനിധി സംഘത്തിന്‍റെ ഭാഗമാണ്. കുമാർ സാനുവിന്‍റെ മകൾ ഷാനൻ കെയും ചടങ്ങിൽ പങ്കെടുക്കും.
കൂടാതെ അനുഷ്‌ക ശർമ, സാറ അലി ഖാൻ എന്നിവർ ഇക്കുറി റെഡ് കാർപെറ്റിൽ അരങ്ങേറ്റം കുറിക്കും. 2023ലെ കാനിൽ നാഗാലാൻഡിനെ പ്രതിനിധീകരിക്കുന്നത് ആയുഷ്‌മാൻ ഖുറാനയ്‌ക്കൊപ്പം 'അനേക്' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ആൻഡ്രിയ കെവിചൂസയാണ്. മുതിർന്ന സംവിധായിക കിവിനി ഷോഹെയും ഇവരെ അനുഗമിക്കും.