ഐഎഫ്‌എഫ്‌കെ വിവാദത്തില്‍ പ്രതികരിച്ച് രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി അംഗങ്ങളില്‍ ഒരാളായ ഒപി സുരേഷ് (IFFK Film Selection Controversy). സംവിധായകന്‍ ഷിജു ബാലഗോപാലന്‍റെ 'എറാന്‍' എന്ന മലയാള സിനിമ ഇക്കുറി രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കാത്തത് സംബന്ധിച്ച് വിവാദങ്ങള്‍ തലപൊക്കിയ സാഹചര്യത്തിലാണ് ജൂറി അംഗത്തിന്‍റെ പ്രതികരണം. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹം രംഗത്ത് വന്നത് (IFFK Jury Member OP Suresh reacts).
ദീർഘമായ ചർച്ചകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് പാനല്‍ അംഗങ്ങള്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേയ്‌ക്കുള്ള 14 സിനിമകള്‍ ഏകകണ്‌ഠമായി തെരഞ്ഞെടുത്തത് എന്നാണ് ജൂറി അംഗത്തിന്‍റെ പ്രതികരണം. ചലച്ചിത്ര അക്കാദമിയുടെയോ മറ്റേതെങ്കിലും അധികാര കേന്ദ്രങ്ങളുടെയോ വ്യക്തികളുടെയോ എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ ഈ പ്രക്രിയകൾക്കിടയിൽ ഒരിടത്തും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ജൂറിക്കെതിരെയുള്ള ആരോപണങ്ങള്‍ നടത്തുന്നവർ ജൂറിയുടെ ക്രെഡിബിലിറ്റിയേയും തെരഞ്ഞെടുക്കപ്പെട്ട നവ സിനിമകളെയും നിഷേധാത്മകമായി സമീപിക്കുക കൂടിയാണ് ചെയ്യുന്നതെന്നും പറയേണ്ടി വരുമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.
'ഈ വർഷത്തെ ഐഎഫ്‌എഫ്‌കെയില്‍ 'മലയാളം സിനിമ ഇന്ന്' വിഭാഗത്തിലേയ്‌ക്കുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള പാനലിൽ വിഎം വിനു, കൃഷ്‌ണേന്ദു കലേഷ്, താര രാമാനുജൻ, അരുൺ ചെറുകാവിൽ എന്നിവർക്കൊപ്പം ഞാനും ഉണ്ടായിരുന്നു. തുടർച്ചയായി സിനിമകൾ കണ്ട്, സിനിമ മാത്രം ചർച്ച ചെയ്‌ത് പൂർണ്ണമായും സിനിമകളെ വിശകലനം ചെയ്‌ത രണ്ടാഴ്ച്ചക്കാലം.
ഒക്ടോബർ ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി രാവിലെ മുതൽ രാത്രി വൈകും വരെ പട്ടികയില്‍ ഉള്ള മുഴുവൻ മലയാള സിനിമകളും കണ്ട് വിലയിരുത്തുന്നതിന്‍റെ അധ്വാനവും പ്രവർത്തനോന്മുഖമായ ആനന്ദവും ചെറുതായിരുന്നില്ല. നവീനമായ ചലച്ചിത്ര ആഖ്യാനത്തിന് ശ്രമിക്കുന്ന നിരവധി പുതിയ ചലച്ചിത്ര പ്രതിഭകളുടെ സിനിമകൾ കാണാനായി എന്നത് തന്നെയാണ് പ്രധാന ആഹ്ലാദ കാരണം.
സിനിമ വിലയിരുത്തൽ സബ്ജെക്റ്റീവ് ആയൊരു പ്രക്രിയ ആണെങ്കിൽ കൂടിയും സാങ്കേതികതയുടെ അമ്പരപ്പുകളിൽ മാത്രം അഭിരമിക്കാത്ത, സ്ഥാപിത സിനിമകളുടെ ഫോർമാറ്റ് പിന്തുടരാത്ത, ആഖ്യാനത്തിലെ ഫെസ്‌റ്റിവല്‍ വ്യായാമ പദ്ധതികൾ തിരിച്ചറിഞ്ഞ് കൊണ്ടും, മനുഷ്യപ്പറ്റുള്ള ഭാവനകൾക്ക് പ്രാമുഖ്യം നൽകി, മീഡിയത്തിന്‍റെ സാധ്യതകളെ പരമാവധി നവീകരിച്ച് ഉപയോഗിക്കുന്ന ആഖ്യാന സിനിമകൾ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുവാൻ സാധിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്.
14 എണ്ണം മാത്രമായി തിരഞ്ഞെടുക്കുക എന്നത് ഒരുവേള ദുഷ്‌കരമായിരുന്നു, വലിയ ലിസ്‌റ്റിലെ ഇരുപത് ശതമാനത്തിൽ താഴെ മാത്രമുള്ള സെലക്ഷൻ എന്നാൽ സൂക്ഷ്‌മമായി വിലയിരുത്തിയ ശേഷമുള്ള എലിമിനേഷൻ പ്രക്രിയ കൂടിയാണ് എന്ന വസ്‌തുത തന്നെയാണ് ഉത്തരവാദിത്വ ഭാരത്തിന്‍റെ കാരണം.