തിരുവനന്തപുരം:എട്ട് സുന്ദര ദിനരാത്രങ്ങൾക്ക് ശേഷം 27-ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് സമാപനം. സൗഹൃദങ്ങൾ പുതുക്കിയും പുതിയ സംസ്‌കാരവും സൗഹൃദങ്ങളും ചിന്തയുമായി ഐഎഫ്എഫ്കെ വേദിയിൽ നിന്നും പ്രതിനിധികൾ ഇന്ന് പടിയിറങ്ങും. വിദ്യാർഥികളും ഒഫിഷ്യൽസും മാധ്യമങ്ങളുമടക്കം 13,000ത്തിലധികം പേരാണ് ഇത്തവണത്തെ ചലച്ചിത്രമേളയിലേക്ക് എത്തിയിരിക്കുന്നത്. അവരൊക്കെയും അവസാനം പറഞ്ഞു വയ്‌ക്കുന്നതും അടുത്ത ഐഎഫ്എഫ്കെയ്‌ക്ക് കാണാമെന്നാണ്.
70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് ഐഎഫ്എഫ്‌കെയിൽ ഇത്തവണ പ്രദർശിപ്പിച്ചത്. 14 തിയേറ്ററുകളിലായി നടന്ന മേളയിൽ അന്താരാഷ്ട്രതലത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ചലച്ചിത്ര മേളയിൽ പ്രേക്ഷകരുടെ ഇഷ്‌ട ചിത്രം തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് അവസാനിച്ചു.