പനാജി:54-ാമത്ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ സുവർണമയൂരം സ്വന്തമാക്കി ഇറാനിയൻ ചിത്രം 'എൻഡ്‌ലെസ് ബോർഡേഴ്‌സ്'. അബ്ബാസ് അമിനിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. 15 ചിത്രങ്ങളെ പരാജയപ്പെടുത്തിയാണ് നേട്ടം. 40 ലക്ഷം രൂപയാണ് സമ്മാനത്തുക (IFFI 2023 Iranian film Endless Borders Golden Peacock award).
അഫ്ഗാനിസ്ഥാനിൽ താലിബാന്‍റെ കയ്യേറ്റത്തെ തുടർന്നുള്ള വംശീയ-ഗോത്ര സംഘർഷങ്ങളുടെ പുനരുജ്ജീവനത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു അബ്ബാസ് അമിനിയുടെ 'എൻഡ്‌ലെസ് ബോർഡേഴ്‌സ്'. 12 അന്തർദേശീയ ചിത്രങ്ങളും കാന്താര, സന, മിർബീൻ എന്നിവയുൾപ്പെടെയുള്ള 3 ഇന്ത്യൻ സിനിമകളുമാണ് സുവർണ മയൂരത്തിനായി മാറ്റുരച്ചത്.
സ്‌പാനിഷ് ഛായാഗ്രാഹകൻ ജോസ് ലൂയിസ് അൽകെയ്ൻ, ഫ്രഞ്ച് ചലച്ചിത്ര നിർമ്മാതാക്കളായ ജെറോം പൈലാർഡ്, കാതറിൻ ഡസ്സാർട്ട്, ഓസ്‌ട്രേലിയൻ ചലച്ചിത്ര നിർമ്മാതാവ് ഹെലൻ ലീക്ക്, പ്രശസ്‌ത ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂർ തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്.
ലോക ചലച്ചിത്ര മേഖലയിലെ ആജീവനാന്ത സംഭാവനയ്‌ക്കുള്ള കേന്ദ്ര സർക്കാരിന്‍റെ സത്യജിത് റേ പുരസ്‌കാരം മേളയിൽ മൈക്കിൾ ഡഗ്ലസിനു സമ്മാനിച്ചു. 'എൻഡ്‌ലെസ് ബോർഡേഴ്‌സ്' സിനിമയിലെ പ്രകടനത്തിന് പൗറിയ രഹിമി സാം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മേലാനി തിയറിയാണ് മികച്ച നടി.