കൊച്ചി:മലയാളക്കരയിലെ യുവത്വത്തെയെല്ലാം പ്രണയിക്കാനും കോളജ് ഐവിക്ക് പോകാനും പ്രേരിപ്പിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രമാണ് ഗണേശ് രാജ് സംവിധാനം ചെയ്‌ത ‘ആനന്ദം’. ഒരുപറ്റം പുതുമുഖങ്ങളെ അണിനിരത്തി തിയേറ്ററിൽ എത്തിയ സിനിമ കേരളക്കര കണ്ട ഒരു വൻവിജയമായി തീർന്നിരുന്നു. ബ്രഹ്മാണ്ട ഹിറ്റ് സിനിമക്ക് ശേഷം ഇപ്പോൾ വീണ്ടും സംവിധായകൻ്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് ഗണേശ് രാജ്. കോളജ് പ്രണയവും, സൗഹൃദവും കൂട്ടിയിണക്കി ഒരുക്കിയ ‘ആനന്ദ’ത്തിൽ നിന്ന് വ്യത്യസ്‌തമായി ഒരുപറ്റം മനുഷ്യരുടെ സ്നേഹം, പ്രണയം, കരുതല്‍ എന്നിവയുടെ കഥ പറയുന്നതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ സിനിമയായ ‘ഹ്യൂമൺസ് ഓഫ് പൂക്കാലം’. ഒരു വലിയ ഇടവേളക്ക് ശേഷമുള്ള സംവിധായകൻ്റെ സംരംഭം വളരെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകം നോക്കിക്കാണുന്നത്.
'നിങ്ങളുടെ രാവിലെയല്ല, എൻ്റെ രാവിലെ': സംവിധായകൻ്റെ ഏറ്റവും പുതിയ സിനിമയായ പൂക്കാലത്തിൻ്റ സെക്കൻഡ് ട്രെയിലറാണ് ഇപ്പോൾ പുറത്തുവരുന്നത്. വളരെ രസകരമായ തമാശകളോടെയും പ്രണയ നിമിഷങ്ങളോടെയും ചിത്രീകരിച്ച സിനിമയുടെ ആദ്യത്തെ ട്രെയിലറിനേക്കാൾ വേറിട്ട മറ്റൊരു ട്രെയിലറാണ് ഇപ്പോൾ പുറത്തുവരുന്നത്. ‘നാളെ രാവിലെ എല്ലാവരേയും എനിക്കിവിടെ കാണണം. അത് നിങ്ങളുടെ രാവിലെയല്ല എൻ്റെ രാവിലെ’ എന്ന വിജയരാഘവൻ്റെ ഡയലോഗോട് കൂടെയാണ് ട്രെയിലർ ആരംഭിക്കുന്നത്.
തുടർന്ന് വീട്ടുമുറ്റത്തേക്ക് ഒരു കാർ പാഞ്ഞടുക്കുന്നതും അന്നു ആൻ്റണിയുടെ എൽസി എന്ന കഥാപാത്രത്തിൻ്റെ മനസമ്മതക്കുറി കാണാതായ പ്രശ്‌നവുമാണ് കാണിക്കുന്നത്. സിനിമയിലെ ഇരട്ട സഹോദരിമാരെ വിവാഹം കഴിച്ച ഇരട്ട സഹോദരങ്ങളുടെ ഡയലോഗുകൾ വളരെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വീടിൻ്റെ മുന്നിൽ ഇരുന്ന് തുന്നികൊണ്ടിരിക്കുന്ന വിജയരാഘവൻ്റെ കഥാപാത്രത്തെ എഴുന്നേൽപ്പിക്കാനായി ഇരുവരും ഒരേപോലെ സംസാരിക്കുന്നത് ഇതിന് ഉദാഹരണമാണ്.