ഹൈദരാബാദ്: ബോളിവുഡില്‍ ഏറ്റവും അധികം താരമൂല്യമുള്ള അഭിനേതാക്കളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. താരത്തിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫൈറ്റർ'. ആരാധക വൃന്ദം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സൂപ്പർതാരം.
ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോൺ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ദീപികയും ഹൃത്വിക്കും ആദ്യമായാണ് ഓൺ-സ്‌ക്രീനില്‍ ഒന്നിക്കുന്നത് എന്നതും 'ഫൈറ്ററി'ന്‍റെ പ്രത്യേകതയാണ്. എയര്‍ഫോഴ്‌സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക്കും ദീപികയും എത്തുക എന്നാണ് വിവരം.
അതേസമയം ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ഏരിയൽ ആക്ഷൻ ഡ്രാമയായിരിക്കും 'ഫൈറ്റർ'. ഒരു യുദ്ധവിമാനത്തില്‍ പുറം തിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് ഹൃത്വിക് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. 'ഫൈറ്ററി'ന് ഇനി ഏഴ് മാസം കൂടി എന്നും താരം കുറിച്ചു.
ഇതിനിടെ ടോം ക്രൂസ് ചിത്രത്തോടാണ് 'ഫൈറ്ററി'നെ ഒരു വിഭാഗം ഉപമിച്ചത്. ടോം ക്രൂസിന്‍റെ 'ടോപ്പ് ഗൺ: മാവെറിക്കി'നെ ചിത്രം ഓർമിപ്പിച്ചെന്ന് ചിലർ കമന്‍റ് ബോക്‌സിൽ കുറിച്ചു. 'ടോപ്പ് ഗണ്ണിന്‍റെ ഇന്ത്യൻ പതിപ്പ്: മാവെറിക്ക് ലോഡിങ്"- ഹൃത്വിക്കിന്‍റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് എഴുതി. 'ദയവായി ടോപ്പ് ഗൺ റീമേക്ക് ചെയ്യരുത്' എന്നായിരുന്നു മറ്റൊരാളുടെ അഭ്യർഥന.
ഏതായാലും ഹൃത്വിക്കിനെ അഭിനന്ദിച്ചും പുതിയ ചിത്രത്തിന്‍റെ പ്രതീക്ഷകൾ പങ്കുവച്ചും ആരാധകർ ആവേശം കൂട്ടുന്നുണ്ട്. 'ഫൈറ്റർ' ടീസറും ട്രെയിലറും എപ്പോൾ പുറത്തിറങ്ങുമെന്ന് അറിയാനുള്ള ആകാംക്ഷയിലുമാണ് അവർ.