മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, റോഷൻ മേക്ക എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പാൻ - ഇന്ത്യൻ ചിത്രമാണ് 'വൃഷഭ' (Vrushabha). സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നന്ദ് കിഷോര്‍ ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഹോളിവുഡ് നിർമാതാവ് എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
നിരവധി ഹോളിവുഡ് സിനിമകളുടെ നിർമാതാവും സഹനിർമാതാവുമായ നിക്ക് തർലോ ആണ് 'വൃഷഭ'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. നിക്ക് തർലോയുടെ കടന്നു വരവ് അന്താരാഷ്‌ട്ര തലത്തിലും ചിത്രം ശ്രദ്ധിക്കപ്പെടുന്നതിനു കാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. അക്കാദമി അവാർഡ് നേടിയ 'മൂൺലൈറ്റ്' (2016), 'ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ്', 'മിസോറി' (2017) എന്നീ സിനിമകളുടെ നിർമാണ പങ്കാളി എന്ന നിലയിൽ പ്രശസ്‌തനാണ് നിക്ക് തർലോ.
'എന്‍റെ നിർമാണ കമ്പനി ആദ്യമായി സഹകരിക്കുന്ന ഇന്ത്യൻ സിനിമയാണിത്. ഒരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന നിലയിൽ സാങ്കേതിക പരവും ക്രിയാത്മകവുമായ എന്‍റെ അനുഭവങ്ങൾ വൃഷഭക്ക് എല്ലാ അർഥത്തിലും ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ബഹുഭാഷാ സിനിമയിൽ പ്രവർത്തിക്കുന്നത് ഇതാദ്യമാണ്. വൃഷഭയ്‌ക്കൊപ്പമുള്ള പ്രയാണം അസാധാരണമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു'- നിക്ക് തർലോ പറയുന്നു.
നിക്ക് തർലോയുടെ ഈ തീരുമാനം ഇന്ത്യൻ സിനിമയ്‌ക്ക് അതിന്‍റെ അതിർ വരമ്പുകൾ ഭേദിച്ചുകൊണ്ട് വളരാൻ കാരണമാകുമെന്ന് നിർമാതാവ് വിശാൽ ഗുർനാനി ചൂണ്ടിക്കാട്ടി. അതേസമയം ഹോളിവുഡ് മാതൃകയിലാകും 'വൃഷഭ'യുടെ ചിത്രീകരണം എന്നാണ് വിവരം. പ്രേക്ഷക ശ്രദ്ധ ആകർഷിക്കാനായി നേരത്തെ 57 സെക്കന്‍റുള്ള ഒരു വീഡിയോ നിർമാതാക്കൾ പങ്കുവെച്ചിരുന്നു.