വാഷിങ്ങ്‌ടൺ:മഞ്ഞുമാറ്റാൻ ഉപയോഗിക്കുന്ന സ്നോ പ്ലൗ യന്ത്രം ദേഹത്ത് കയറി പരിക്കേറ്റ പ്രശസ്ത ഹോളിവുഡ് നടൻ ജെറമി റെൻനർ ഏറെ നാളായി തൻ്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. മഞ്ഞിൽ പെട്ടുപോയ തൻ്റെ കുടുംബാംഗം ഉപയോഗിച്ചിരുന്ന തൻ്റെ കാർ മഞ്ഞുവീഴ്ചയിൽ നിന്ന് ഒഴിവാക്കി പുറത്തെടുക്കാൻ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു ജനുവരി 1 ന് നടന് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട് സ്നോ പ്ലൗ യന്ത്രം നടൻ്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു.
ആൻ്റി ഗ്രാവിറ്റി ട്രെഡ്‌മില്ലിൻ്റെ സഹായത്തോടെ നടക്കാൻ തുടങ്ങുന്നുമി: ഹോളിവുഡ് സിനിമ ലോകത്തെയും ലോകമൊട്ടാകെയുള്ള തൻ്റെ ആരാധകരെയും ഞെട്ടിച്ച അപകടത്തിന് ശേഷം ഏവർക്കും ആശ്വാസമേകി കൊണ്ടാണ് നടൻ തൻ്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിലെ സ്റ്റോറി വിഭാഗത്തിലാണ് ഏറ്റവും പുതിയ വീഡിയോ പങ്കുവച്ചത്. ഒരു ആൻ്റി ഗ്രാവിറ്റി ട്രെഡ്‌മില്ലിൻ്റെ സഹായത്തോടെ നടക്കാൻ തുടങ്ങുന്ന ജെറമിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
‘ഇപ്പോൾ എൻ്റെ ശരീരത്തിന് വിശ്രമിക്കാനും എൻ്റെ ഹിതത്തിൽ നിന്ന് കരകയറാനുമുള്ള സമയമാണിത്’ എന്ന അടിക്കുറിപ്പോടെയാണ് ജെറമി വീഡിയോ പങ്കുവച്ചത്. യുഎസിലെ അതിശൈത്യമുള്ള മേഖലയിലാണ് ജെറമി താമസിക്കുന്നത്. ജെറമിക്ക് അപകടം സംഭവിച്ച പുതുവർഷത്തിൻ്റെ തലേന്ന് ആ മേഖലയിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് ആകാശ മാർഗമാണ് ജെറമിയെ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തിച്ച ശേഷം എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള നടൻ്റെ പോസ്റ്റ് അന്ന് വൈറലായിരുന്നു. 14,330 പൗണ്ട് ഭാരം വരുന്ന മെഷീനാണ് അപകടത്തിന് കാരണമായത്. ഇതിനെ തുടർന്ന് താരത്തിൻ്റെ 30 ൽ അധികം അസ്ഥികൾക്ക് പൊട്ടൽ സംഭവിച്ചിരുന്നു.