കൊച്ചി: സിനിമ റിലീസ് ചെയ്യുമ്പോൾ തന്നെ തിയേറ്ററുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വ്ളോഗർമാർ ചെയ്യുന്ന നെഗറ്റീവ് റിവ്യൂകൾ നിയന്ത്രിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. ഒരു സിനിമ എന്നത് വർഷങ്ങളോളം സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും കൂടിയ ഒരു ടീമിന്റെ സ്വപ്നവും അധ്വാനവും ആണ്. ആ സിനിമ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം അത് കാണാന് പോലും നിൽക്കാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്നാവശ്യപ്പെട്ടാണ് നാളെ (6-10-2023) റിലീസ് ചെയ്യാൻ പോകുന്ന "ആരോമലിന്റെ ആദ്യത്തെ പ്രണയം" എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് (Mubeen Rouf) ഹൈക്കോടതിയെ സമീപിച്ചത്.
ചലച്ചിത്ര നിരൂപണം എന്നത് ഏറെ വിശ്വാസ്യതയും ഏറെ അംഗീകാരമുള്ളതുമായ ഒരു മേഖലയായിരുന്നുവെങ്കിൽ ഇന്ന് ഒരു സ്മാർട്ട് ഫോൺ ഉള്ള ആർക്കും ഈ കലാസൃഷ്ടിയെ കരി വാരി തേക്കാം എന്ന അവസ്ഥ മാറണം എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലഘട്ടങ്ങളിൽ നിരവധി മലയാള സിനിമകൾക്ക് ഇത്തരത്തിലുള്ള ദുരനുഭവമുണ്ടായി. പക്ഷേ അവയിൽ മിക്ക സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് റിവ്യൂ ചെയ്യരുത് എന്നാവശ്യപ്പെട്ട് മുന്നോട്ടുവന്നിട്ടുണ്ട്. കാണുക പോലും ചെയ്യാതെ നെഗറ്റീവ് റിവ്യൂകൾ ചെയ്യുന്നതും റിലീസിന് മുൻപ് സിനിമ പ്രൊഡ്യൂസറെയും പിന്നണി പ്രവർത്തരെയും വിളിച്ച് ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുന്നതുമായ സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. സിനിമ റിലീസ് ചെയ്യുമ്പോൾ ഓൺ ലൈൻ റിവ്യൂവർമാരുടെ ഭീഷണിക്ക് സിനിമ പ്രവർത്തകർ വഴങ്ങേണ്ട സാഹചര്യവും നിലവിലുണ്ട്.