കേരളം

kerala

ETV Bharat / entertainment

'പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോർത്ത് ഞാൻ ലജ്ജിക്കുന്നു' ; 'കടുവ'യ്‌ക്കെതിരെ കുറുവച്ചന്‍റെ കൊച്ചുമകന്‍

Jose Nelluvelil allegations on Kaduva: ജോസ്‌ നെല്ലുവേലിലിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്‌ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ജോസ്‌ കുരുവിനാക്കുന്നേല്‍ എന്ന കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍റെ മൂത്തമകളുടെ മകനാണ് ജോസ്‌ നെല്ലുവേലില്‍

Grandson of Kuruvachan against Prithviraj  Jose Nelluvelil against Prithviraj and Kaduva  Jose Nelluvelil allegations on Kaduva  പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോർത്തു ഞാൻ ലജ്ജിക്കുന്നു  കുറുവച്ചന്‍റെ കൊച്ചു മകന്‍റെ പോസ്‌റ്റ്‌
'പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോർത്തു ഞാൻ ലജ്ജിക്കുന്നു'; വൈറലായി കുറുവച്ചന്‍റെ കൊച്ചു മകന്‍റെ പോസ്‌റ്റ്‌

By

Published : Jul 9, 2022, 6:23 PM IST

Jose Nelluvelil against Prithviraj and Kaduva: പൃഥ്വിരാജ്‌-ഷാജി കൈലാസ്‌ ചിത്രം 'കടുവ' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുമ്പോള്‍ സിനിമയ്‌ക്കെതിരെ പാലാക്കാരന്‍ കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍റെ കൊച്ചുമകന്‍ ജോസ്‌ നെല്ലുവേലിന്‍റെ പോസ്‌റ്റ്‌. 'കടുവ' കണ്ട ശേഷം പൃഥ്വിരാജിനും ഷാജി കൈലാസിനും എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ജോസ്‌. ഫേസ്‌ബുക്കിലൂടെയാണ് പ്രതികരണം.

തന്‍റെ മുത്തച്ഛന്‍റെ ജീവിതവുമായി സമാനതകളുള്ള കഥ, സിനിമയില്‍ ഉള്‍ക്കൊള്ളിച്ച് ഒപ്പം മസാല ചേര്‍ത്തുവെന്നാണ് ജോസിന്‍റെ ആരോപണം. ജോസ്‌ കുരുവിനാക്കുന്നേല്‍ എന്ന കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍റെ മൂത്തമകളുടെ മകനാണ് ജോസ്‌ നെല്ലുവേലില്‍.

'എന്‍റെ മുത്തച്ഛൻ പാലാ ഇടമറ്റത്തെ കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നറിയപ്പെടുന്ന ജോസ് കുരുവിനാക്കുന്നേലിന്‍റെ പഴയ വീരഗാഥ ഇപ്പോൾ പൃഥ്വിരാജിന്‍റെ കടുവ ആയി (പിന്നീട് കുരിയച്ചൻ ആയി മാറി) തിയേറ്ററിൽ ആടിത്തിമിർക്കുകയാണ്. അവർ അവകാശപ്പെടുന്നതുപോലെ 'കടുവ'യുടെ തിരക്കഥ ജിനു എബ്രഹാമിന്‍റെ ഭാവനയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒന്നല്ല. പാലായിലെ മുൻ തലമുറയിലെ മിക്കവർക്കും അറിയാവുന്ന കഥയാണിത്. സിനിമ തന്‍റെ ജീവിതത്തിൽ നിന്ന് പകർത്തിയതാണെന്ന് തെളിയിക്കാനുള്ള അദ്ദേഹത്തിന്‍റെ നിയമപരമായ എല്ലാ ശ്രമങ്ങളും പാഴായി, പ്രായാധിക്യം കാരണം യുദ്ധം തുടരാൻ കഴിയാത്തത്രയും ദുർബലനാണ് ഇന്ന് അദ്ദേഹം.

ഇന്നലെ ഞാൻ സിനിമ കണ്ടു. പരേതനായ ജോസഫ് തോമസ് വട്ടവയലിൽ (സിനിമയിൽ ജോസഫ് ചാണ്ടി) എന്ന അന്നത്തെ പൊലീസ് ഐജിയുടെ ദുരാരോപണങ്ങളും ക്രൂരമായ ചെയ്‌തികളും മൂലം അനുഭവിച്ച സങ്കടകരമായ ജീവിതകഥ നിർലജ്ജം മാറ്റിമറിച്ച് സംവിധായകനും തിരക്കഥാകൃത്തും ഇതില്‍ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും ചേർന്ന് കടുവ എന്ന പേരിൽ സിനിമയാക്കിയിരിക്കുന്നു എന്ന് കണ്ടപ്പോൾ ഞാൻ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി.

എന്‍റെ അമ്മ ഏഴാം ക്ലാസിലും അമ്മയുടെ ഇളയ സഹോദരൻ കിന്‍റർഗാർഡനിലുമായിരിക്കുമ്പോഴാണ് ഈ കിരാത യുദ്ധം ആരംഭിച്ചത്. മകളുടെ ചരമ വാർഷികദിനത്തിൽ ഐജി ജോസഫ് തോമസ് വട്ടവയലിൽ പള്ളിക്ക് സമ്മാനിച്ച കീബോർഡിനെച്ചൊല്ലി തുടങ്ങിയ തർക്കം വ്യക്തിപരമായ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയായിരുന്നു. പലതവണ എന്‍റെ മുത്തച്ഛന്‍റെ ബാർ അടിച്ചുതകർത്ത ഇയാൾ തോട്ടങ്ങൾ നശിപ്പിക്കുകയും വീടിനുപിന്നിൽ സ്ഥലം വാങ്ങി ശ്‌മശാനമാക്കി മാറ്റുകയും പട്ടാപ്പകൽ അദ്ദേഹത്തെ ആക്രമിക്കാൻ ഗുണ്ടകളെ അയയ്ക്കുകയും മുൻകൂർ അറിയിപ്പ് കൂടാതെ തോക്ക് ലൈസൻസ് റദ്ദാക്കി ജയിലിലടക്കുകയും ചെയ്‌തു.

സിനിമയുടെ അമ്പത് ശതമാനത്തിലധികം ജോസ് കുരുവിനാക്കുന്നേലിന്‍റെ ജീവിതത്തിൽ നിന്നെടുക്കുകയും അതിനൊപ്പം ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ചില മസാല കഥകളും നാടകങ്ങളും കൂട്ടിച്ചേര്‍ത്ത് സിനിമയാക്കി മാറ്റുകയും ചെയ്‌തിട്ട്‌ ഇപ്പോള്‍ ഇതിന് അദ്ദേഹത്തിന്‍റെ ജീവിതവുമായി ഒരു ബന്ധവുമില്ലെന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്കായി മാത്രം 12 എപ്പിസോഡ് ദൈർഘ്യമുള്ള ഒരു യൂട്യൂബ് വിഡിയോ ഞങ്ങൾ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. എന്‍റെ മുത്തച്ഛന്‍റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിൽ അദ്ദേഹത്തിന് സജീവ പിന്തുണ നല്‍കിയ സുഹൃത്ത്, റിട്ടയേർഡ് എസ്‌പി ജോർജ് ജോസഫ് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്.

എങ്ങനെയുള്ള ആളായിരുന്നു ജോസഫ് തോമസ് വട്ടവയലിൽ, സിനിമയ്ക്ക് കുറുവച്ചന്‍റെ ജീവിതവുമായുള്ള സമാനതകൾ, എന്‍റെ മുത്തച്ഛനെ പിന്തുണച്ചതിന് സർവീസിൽ അദ്ദേഹത്തിന് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ എല്ലാം അദ്ദേഹം തന്നെ ഈ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. എന്‍റെ മുത്തച്ഛൻ ആഗ്രഹിച്ചത് സിനിമയുടെ തിരക്കഥ തന്‍റെ ജീവിതത്തിൽ നിന്ന് പകർത്തിയതാണെന്നുള്ള ഒരു വാക്കുമാത്രമാണ്. അതിനു പകരം ഷാജി കൈലാസും സിനിമയിലെ എല്ലാ വലിയ താരങ്ങളും അങ്ങനെയൊരാൾ ഈ ഭൂമുഖത്തുതന്നെ ഇല്ലെന്നുള്ള തരത്തിലുള്ള പ്രസ്‌താവനകളും അഭിമുഖങ്ങളുമാണ് നടത്തിയത്. മലയാള സിനിമ നിസ്സഹായരായ സാധാരണക്കാരെ ചൂഷണം ചെയ്യുകയും അസത്യകഥകളിലൂടെ പണവും ക്രെഡിറ്റും പ്രശസ്‌തിയും ഉണ്ടാക്കുകയും ചെയ്യുന്നു എന്നറിയുന്നതിൽ എനിക്ക് ദേഷ്യവും നിരാശയുമുണ്ട്. എന്‍റെ മുത്തച്ഛൻ ജോസ് കുരുവിനാക്കുന്നേല്‍ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെട്ട ആദ്യത്തെ ആളുമല്ല. പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോർത്ത് ഞാൻ ലജ്ജിക്കുന്നു.

Also Read: 'അന്ന് ഹൗസ്‌ ഫുള്ളിന് പകരം നോ ഷോ; ഇന്ന് കടുവയ്‌ക്കൊപ്പം തിയേറ്ററുകളും ഗര്‍ജിച്ചു'

PS: സിനിമയിലെ കഥാപാത്രങ്ങളായ കുര്യച്ചൻ (ജോസ് കുരുവിനാക്കുന്നേൽ), ജോസഫ് ചാണ്ടി (ജോസഫ് തോമസ് വട്ടവയലിൽ), വർക്കി സാർ-ടീച്ചർ (മാത്യൂസ് സാർ), കോര-വക്കീൽ (തോമസ്), ബേസിൽ (സാബു ജോർജ്) തുടങ്ങിയവരെല്ലാം തന്നെ യഥാർഥത്തിൽ ഉള്ളവരാണ്. മരിയ എന്ന പേരിൽ സിനിമയിൽ കാണിക്കുന്ന ബാറിന്‍റെ പേര് മയൂര എന്നാണ്. സിനിമയിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു കറുത്ത അംബാസഡറും ഒരു മെഴ്‌സിഡസ് ബെൻസ് W123 ഉം എന്‍റെ മുത്തച്ഛനുണ്ട്.'-ജോസ്‌ നെല്ലുവേലില്‍ കുറിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details